പാലക്കാട്:നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ സബ് ജില്ലാ ക്യാമ്പില്‍ നിന്നും തെരഞ്ഞെടു ക്കപ്പെട്ട 80 പേരാണ് കൈറ്റ് ജില്ലാ ഓഫീസില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഓരോ ജില്ലാ ക്യാമ്പിലേയും അംഗങ്ങളോട് കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ച് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാധ്യതകള്‍ പഠനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സംവിധാനമൊരുക്കിയതായി അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷന്‍ സംവിധാനം കുട്ടികള്‍ തയാറാക്കുന്നത്. ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയര്‍, സെന്‍സറുകള്‍, ആക്ച്ചു വേറ്ററുകള്‍, കണക്ടിവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ച് അവയ്ക്കിടയില്‍ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് അഥവാ ഐ.ഒ.ടി. റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുന്നതിന് പരിശീലനത്തില്‍ ഉപയോഗിക്കുന്നു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കും.
മൊബൈല് ആപ് നിര്‍മാണം, റാസ്പ്ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, നെറ്റ് വര്‍ക്കിലുള്ള ഫാന്‍, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനം, ഇതിലേക്കാവശ്യമായ കണക്ടിവിറ്റി പ്രോഗ്രാമുകള്‍ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിര്‍മാണവും പരിശീലിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തണ് പ്രോഗ്രാമിങ്ങും പരിശീലിക്കുന്നു. രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉപകരണങ്ങളുടെ
പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ വി. പി. ശശികുമാര്‍ അറിയിച്ചു.