മലമ്പുഴ: വനിതാ ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനെജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇലക്ട്രോണിക്‌സ് മേഖലയില്‍ ‘എസ് ലൈറ്റ്’ എന്ന പേരില്‍ 9 വാട്ട് എല്‍.ഇ.ഡി ഇന്‍വര്‍ട്ടര്‍ ബള്‍ബും ‘നൈപുണ്യം’ എന്ന പേരില്‍ മള്‍ട്ടി ഡിസൈന്‍ ഹാന്‍ഡ് എംബ്രോയിഡറി ചുരിദാര്‍ സെറ്റും ഉല്‍പ്പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് വിപണനം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചത്.  

വനിതകളുടെ സാങ്കേതിക പഠനരംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മലമ്പുഴ വനിതാ ഐ.ടി.ഐ മുന്നോട്ടുവെയ്ക്കുന്ന നൂതന ആശയമാണ് ‘പഠനകേന്ദ്രത്തില്‍ നിന്നൊരു മികച്ച് ഉത്പ്പന്നം’. ട്രെയിനികളുടെ കരവിരുതും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് നൂതന സാങ്കേതിക വിദ്യയില്‍ രൂപപ്പെടുത്തിയ ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കുക. എസ് ലൈറ്റിന്റെ വിപണി വില 499 രൂപയാണ്. എന്നാല്‍ സബ്‌സിഡിയോടെ 320 രൂപയ്ക്ക് ഉത്പ്പന്നം സെന്ററില്‍ ലഭ്യമാക്കും. 400 രൂപ മുതല്‍ 850 രൂപ വരെ വിലയുള്ള ചുരിദാര്‍ സെറ്റുകളാണ് ഇവിടെ ഉത്പ്പാദിപ്പിക്കുക. വനിതാ ട്രെയിനികള്‍ നിര്‍മിക്കുന്ന ഉത്പ്പന്നം വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളെജില്‍ പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. 

സെന്ററിന്റെ ഉദ്ഘാടനം വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിങ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ കെ പി ശിവശങ്കരന്‍ അധ്യക്ഷനായി. മലമ്പുഴ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ വി രതീശന്‍, ഐ.എം.സി അംഗം സജീവ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാജേന്ദ്രന്‍, ട്രെയിനിങ് ഓഫീസര്‍ കെ സുന്ദരന്‍, അട്ടപ്പാടി ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി പി വിശ്വനാഥന്‍, പി.ടി.ഐ പ്രസിഡന്റ് ചെന്താമരാക്ഷന്‍, സ്റ്റാഫ് സെക്രട്ടറി സുമേഷ്, ചെയര്‍പേഴ്‌സണ്‍ രാകേന്ദു, കെ എന്‍ ശിവദാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!