മണ്ണാര്‍ക്കാട്:കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പള്ളിക്കുറുപ്പ് ഉപകനാല്‍ ബുധനാഴ്ച തുറക്കും.പള്ളിക്കുറുപ്പ്, മാങ്ങോട്, കുണ്ടുകണ്ടം,പുല്ലിശ്ശേരി ഭാഗത്തേക്ക് ജലവിതരണം നടത്തുന്നതിനായി രാവിലെ എട്ടുമണിയോടെ കനാല്‍ തുറക്കുമെന്ന് കെ.പി.ഐ.പി. അധികൃതര്‍ അറിയിച്ചു. വാഴ കൃഷിയുള്ള മേഖലയാണിത്.കൃഷിക്ക്് വെള്ളംവേണമെന്ന് കര്‍ഷകര്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് കൃഷി ഓഫിസറുടെ ശുപാര്‍ശ പ്രകാരമാണ് ഉപകനാല്‍ തുറക്കുന്നത്.
നിലവില്‍ ഒരാഴ്ചക്കാലത്തോളമായി വലതുകര പ്രധാന കനാലിലൂടെ കൈതച്ചിറ ഭാഗത്തേക്കും അരകുര്‍ശ്ശി ഉപകനാലിലൂടെ മണലടി ഭാഗത്തേക്കും ജലവിതരണം നടത്തുന്നുണ്ട്.ഇത് താത്കാലികമായി അവസാനിപ്പിച്ചാണ് പള്ളിക്കുറുപ്പ് ഉപകനാല്‍ തുറക്കുക.കഴിഞ്ഞമാസം മുതലാണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിനുള്ള ജലവിതരണം ആരംഭിച്ചത്. ഇടതുവലതുകര പ്രധാന കനാലിലൂടെ ആഴ്ചകളോളം വെള്ളം വിതരണംചെയ്തു.സമയബന്ധിതമായി കനാലുകള്‍ വൃത്തിയാക്കിയതും തകരാറിലായ ഷട്ടറുകള്‍ മാറ്റിസ്ഥാപിച്ചതുമെല്ലാം ജലവിതരണത്തെയും സുഗമമാക്കി.
നിലവില്‍ അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളമുണ്ട്. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് കനാലുകള്‍ തുറക്കുന്നത്.അതിനിടെ ഇടതുകര കനാല്‍വഴിയും ജലവിതരണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.പലയിടങ്ങളിലും കൊയ്ത്ത്് നടക്കുന്നതിനാലാണ് ജലവിതരണം ആരംഭിക്കാത്തത്.ഇതിനായി ഉടന്‍ യോഗം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.
