വടക്കഞ്ചേരി: ഭവനനിർമ്മാണത്തിന് ഉൾപ്പെടെ ക്ഷീരകർഷകരെ സഹായിക്കുന്ന വിവിധ പദ്ധതികൾ മലബാർ മേഖലാ യൂണിയന്റെ കീഴിൽ ഉടൻ നടപ്പാക്കുമെന്ന് ക്ഷീരവികസന, വനം വന്യജീവി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ക്ഷീര വിക സന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സംഘങ്ങളുടേയും മിൽമ, കേരള ഫീഡ്സ് എന്നിവരുടെയും ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങ ളിലായി നടന്ന ജില്ലാതല ക്ഷീര കർഷക സംഗമം സമാപന സമ്മേ ളനം വടക്കഞ്ചേരി തേവർക്കാട് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകരുടെ കുടുംബ പെൻഷൻ 150 ൽ നിന്നും 550 രൂപയാക്കി വർധിപ്പിച്ചതായി മന്ത്രി അറിയിച്ചു. അന്തർദേശീയ കരാറുകൾ കേരളത്തിന്റെ കാർഷികമേഖലയ്ക്കും പാലുൽപാദന മേഖലയ്ക്കും ദോഷമാണന്നും കേരളത്തിലെ തനത് നാടൻ പശുക്കളെ ഉൾപ്പെടെ കർഷകർക്ക് ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ച കിടാരി പാർക്ക് പദ്ധതി സംസ്ഥാനത്ത് നാലിടത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ആരംഭിക്കുന്ന നാല് കിടാരി പാർക്ക് കേന്ദ്രങ്ങളിൽ രണ്ടെണ്ണം പാലക്കാട് ജില്ലയിലാണ്. കാലിത്തീറ്റയുടെ വിലവർധന പിടിച്ചുനിർത്താൻ കർശന നിർദേശങ്ങൾ നൽകി കഴിഞ്ഞെന്നും പശുവളർത്തൽ ഫാമുകൾ ആരംഭിക്കാൻ ഉള്ള പുതിയ വ്യവസ്ഥകൾ ലളിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി തദ്ദേശവകുപ്പ് മന്ത്രിയുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. അടുത്ത കാലയളവിൽ ക്ഷീരമേഖലയിലേക്ക് യുവാക്കൾ കൂടുതലായി കടന്നുവരുന്ന പ്രവണത കാണുന്നുണ്ട്. അവർക്ക് സഹായകമായ നിലപാടുകളാണ് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടത്. ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാരിന് പുറമെ തദ്ദേശസ്ഥാപനങ്ങൾക്കും കഴിയുന്നവിധം നിബന്ധനകൾമാറ്റി അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം തദ്ദേശസ്ഥാപനങ്ങൾ ക്ഷീരമേഖലക്കായി 300 കോടിരൂപയാണ് മാറ്റി വെച്ചത്. പ്രളയകാലത്ത് ഉണ്ടായ ഉത്പാദനക്കുറവ് മറികടക്കാൻ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. പുതുതായി രൂപീകരിച്ച ക്ഷീര സഹകരണ സംഘങ്ങളോട് ഉൾപ്പെടെ സഹായകരമായ നിലപാടുകളാണ് സർക്കാരിനുള്ളത്. കർഷകർക്കായി ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ കർഷകരെ അംഗങ്ങളാക്കുകയും ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുകയും ചെയ്യും. കർഷകന് ക്ഷീര മേഖലയിൽ മികച്ച വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഇടപെടുകയാണ് സർക്കാർ നയം എന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനതല ക്ഷീരകർഷക സംഗമം 2020 ഫെബ്രുവരിയിൽ തിരുവന്തപുരത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ എം.എൽ.എ കെ. ഡി പ്രസേനൻ പരിപാടിയിൽ അധ്യക്ഷനായി.

ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ക്ഷീര കർഷകർ ഉൾപ്പെടെയുള്ള കർഷക സമൂഹത്തോട് ഏറ്റവും ഉദാരമായി പെരുമാറുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ഒരു ഹെക്റ്റർ കൃഷിക്ക് സർക്കാർ നിലവിൽ നൽകുന്ന 62,000 രൂപ രാജ്യത്തെത്തന്നെ ഏറ്റവും ഉയർന്നതാണെന്നും മന്ത്രി പറഞ്ഞു. നെല്ലിനും ഗോതമ്പിനും നല്കുന്നതു പോലെ പാലിനും കേന്ദ്രത്തിൽ നിന്ന് ഉത്‌പാദന ചിലവിന് ആനുപാതികമായ വില ലഭിക്കാൻ അർഹതയുണ്ടന്നും കർഷക സമൂഹത്തിന് ന്യായമായ ആനുകൂല്യങ്ങൾ ലഭിക്കാൻ കർഷക ക്ഷേമബോർഡിന് സർക്കാർ രൂപം നല്കിയിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകന് തന്റെ ഉത്പന്നളുടെ ലാഭവിഹിതം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഈ പദ്ധതി ക്ഷീരമേഖലയ്ക്കും ഗുണം ചെയ്യും എന്നും മന്തി പറഞ്ഞു. അന്താരാഷ്ട്രകരാറുകൾ കേരളത്തിന്റെ കൃഷിക്കും പാൽ ഉത്‌പാദന മേഖലയ്ക്കും വെല്ലുവിളിയാണ്. ഇവ മറികടക്കാൻ കർഷകന് ഉത്പാദന ചിലവിലെ സബ്‌സിഡിയും മികച്ചവിലയും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നെന്മാറ എം.എൽ.എ കെ.ബാബു, പാലക്കാട് ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത, ക്ഷീര വികസനവകുപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. എൻ. രാജൻ, മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ, എം.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ. എസ്. മണി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ ക്ഷീരസംഘം പ്രതിനിധികൾ, സഹകാരികൾ എന്നിവർ സംസാരിച്ചു.

ജില്ലയിലെ ഏറ്റവും മികച്ച കർഷകൻ, വനിതാ ക്ഷീര കർഷക, മികച്ച എസ് സി/ എസ്. ടി കർഷകൻ, മികച്ച യുവകർഷകൻ, മികച്ച ക്ഷീരസംഘം, ജില്ലയിലെ മികച്ച ക്ഷീര സംഘം സെക്രട്ടറി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം പുതിയ ക്ഷീര സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം, ധനസഹായ വിതരണം, കന്നുകാലി പ്രദർശന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ, ഡയറി ക്വിസ് മത്സര വിജയികൾ, പ്രബന്ധ, ചിത്രരചനാ മത്സര വിജയികൾ എന്നിവർക്കുള്ള പാരിതോഷികങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!