തെങ്കര:മലയോരമേഖലയിലെ ഒരുഭാഗത്ത് പുലി കൂട്ടിലായപ്പോള്‍,രണ്ടാഴ്ച പിന്നിട്ടിട്ടും കൂടുതുറന്ന് കാത്തിരിക്കുന്ന പ്രദേശം ഇപ്പോഴും ഭീതിയിലാണ്.വനയോരഗ്രാമമായ തത്തേങ്ങലത്താണ് ആശങ്ക തുടരുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലിശല്യം രൂക്ഷമായ സമയത്തും തത്തേങ്ങലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും അന്നും പുലി കൂട്ടില്‍ കയറിയില്ല.നിലവില്‍ വനംവകുപ്പിന്റെ ജാഗ്രതാ നടപടികള്‍ തുടരുന്നുണ്ട്.
തത്തേങ്ങലം മാസങ്ങളായി ഗ്രാമം പുലിപ്പേടിയിലാണ്.ആഴ്ചകള്‍ക്ക് മുന്‍പ് പ്രദേശത്ത് വന്യമൃഗം പ്രദേശത്തെത്തി രണ്ട് വളര്‍ത്തുനായ്ക്കളെ കൊന്നുതിന്നു.കൊല്ലംപറമ്പില്‍ ബിജു,കല്‍ക്കടി അറഞ്ഞിക്കല്‍ മോഹനന് എന്നിവരുടെ വീട്ടിലെ വളര്‍ത്തുനായയൊണ് വന്യമൃഗം ഇരയാക്കിയത്.കന്നുകാലികളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന കര്‍ഷകരും ആശങ്കയിലാണ്.പുലി ഭീതിയില്‍ ആടുവളര്‍ത്തലും ടാപ്പിങ്ങുമെല്ലാം അവതാളത്തിലായ പ്രദേശം കൂടിയാണിത്.മുന്‍പ് നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചിട്ടുണ്ട്.വന്യജീവി ആക്രമണമുണ്ടാകുമ്പോള്‍ വനംവകുപ്പ് അധികൃതരെത്തി ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കാറുണ്ട്.
കല്‍ക്കടി ഭാഗത്തായാണ് വനംവകുപ്പ് കൂടു വെച്ചിട്ടുള്ളത്.ഇതിനിടെ സ്മൃതിവനത്തിന് തൊട്ടപ്പുറത്തുള്ളഭാഗത്ത് പുലിയെ കണ്ടതായി ആളുകള്‍ പറയുന്നുണ്ട്.തത്തേങ്ങലത്ത് വനംവകുപ്പിന്റെ പട്രോളിങ്ങും വനാതിര്‍ത്തിയില്‍ അടിക്കാട് വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. തത്തേങ്ങലം ഭാഗത്ത് സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈന്‍ പാതയോരത്തേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിച്ച് ഇതിനുള്ള നടപടിക്രമങ്ങളായി വരുന്നതായും അറിയുന്നു.
