മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ സ്റ്റാന്റ് നീക്കം ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഹബീബ് റഹ്മാന് (27), റൈജാവുള് റഹ്മാന് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വട്ടമ്പലം മദര്‍ കെയര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. കോണ്‍ക്രീറ്റ് ഭിത്തിക്കും ഭീമിനും ഇടയില്‍ കുടുങ്ങി പ്പോയ ഹബീബ് റഹ്മാനെ വട്ടമ്പലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി അര മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ഫയര്‍ സ്റ്റേഷന് ഓഫീസര്‍ നന്ദകൃഷ്ണ നാഥിന്റെ നേതൃത്വത്തില്‍ ഉമ്മര്‍, പ്രദീപ്, വിമല്‍, ടിജോ തോമസ്, രാഹുല്‍, പ്രശാന്ത്, ശ്രീജേഷ്, ഷബീര്‍, നാരായണന് കുട്ടി, അനില്‍ എന്നിവ രാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.