പാലക്കാട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിനു കീഴിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും പഠിതാക്കളും ചേര്‍ന്ന് ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ക്യാംപെയിന്‍ ‘ഹരിതം- നാളേക്കൊരു തണലായി’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക,പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എ. കെ ബാലന്‍ പാലക്കാട് ജില്ല കലക്ട്രേറ്റ് വളപ്പില്‍ മരത്തൈ നട്ട് നിര്‍വഹിച്ചു.
ഹരിതം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ഒരുകോടി വൃക്ഷത്തൈകള്‍ നടുമെന്ന് മന്ത്രി പറഞ്ഞു. ഫോറസ്റ്റ് വകുപ്പിന് കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി 50 ലക്ഷം വൃക്ഷത്തൈകളും ബാക്കി കൃഷിവകുപ്പിന്റെ നേതൃത്വത്തിലുമാണ് നടുന്നത്. വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ആയിരം മരങ്ങള്‍ നട്ടുപിടിപ്പിക്കും. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് നാം പുതിയ പാഠങ്ങള്‍ പഠിക്കുകയാണ് . പരിസ്ഥിതി സംരക്ഷണമെന്നത് ജീവജാലങ്ങളുടെ ഭാഗമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ഫലപ്രദമായ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, അസി.കലക്ടര്‍ ചേതന്‍കുമാര്‍മീണ, എ.ഡി.എം. ഇന്‍ ചാര്‍ജും ആര്‍.ഡി.ഒ.യുമായ പി.എ. വിഭൂഷണ്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.