പാലക്കാട്: മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ പാലക്കാട് ജില്ലയില്‍ പൂര്‍ണസജ്ജമായ ദ്രുതകര്‍മ്മസേനകള്‍ വനം റെയ്ഞ്ചുകള്‍ തോറും ആരംഭിക്കണമെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷത്തോളമായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന വനം സര്‍വീസ് പ്രത്യേക നിയമ ഭേദഗതി വേഗത്തില്‍ പൂര്‍ത്തിയാക്കുക, ഫോറസ്റ്റ് വാച്ചര്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ജീവനക്കാരുടെ പ്രമോഷന് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്വെന്ഷന് ഉന്നയിച്ചു.
പാലക്കാട് സുല്‍ത്താന്‍പേട്ട ഐ.എന്‍.ടി.യു.സി. ഹാളില്‍ നടന്ന കണ്വെന്ഷന് സംഘടന രക്ഷാധികാരിയും കെ.പി.സി.സി. സെക്രട്ടറിയുമായ സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. 2027 വര്‍ഷത്തെ സംഘടനയുടെ കലണ്ടര്‍ പ്രകാശനം ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പന് കൈമാറി നിര്‍വഹിച്ചു.ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എസ്.എല്‍ ജിതിന്മോന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി.ജെ ഗീവര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്ഥാപക പ്രസിഡന്റ് വിജി പി.വര്‍ഗീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ദില്‍ഷാദ്, ഐ. എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറിമാരായ എന്‍.മുരളീധരന്, വിളയോടി നാരായണന്, കെ.എഫ്. എസ്.എ. ഭാരവാഹികളായ വി.വിനിത, എം.നിതീഷ്, ഭരതന്, ആര്.രവി, ടി.വിജയകുമാര്‍, ആര്. ജ്യോതിഷ്, കെ.സന്തോഷ്കുമാര്‍, പി.പ്രത്യുഷ് എന്നിവര്‍ സംസാരിച്ചു. മുന്‍ എം.എല്‍.എമാരായ. കെ.അച്യുതന്, പി.എ മാധവന് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
