മലപ്പുറം : മലപ്പുറം വേങ്ങര റോഡിൽ പാണക്കാട് നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ പറഞ്ഞു. റോഡിലുള്ള തടസ്സങ്ങൾ നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി
ഉദ്യോഗസ്ഥ സംഘം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം സന്ദർശിച്ചു
മലപ്പുറം വേങ്ങര റോഡിൽ പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം എ.ഡി.എം അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് സ്ഥലം സന്ദർശനം. നിർമ്മാണ പ്രവർത്തനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. എ.ഡി.എം അൻവർ സാദത്ത് പി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നജീബ് സി കെ, ഏറനാട് തഹസിൽദാർ സുനിൽ ശങ്കർ പി, ജില്ലാ ഫയർ ഓഫീസർ അനൂപ് ടി, ജില്ലാ ജിയോളജിസ്റ്റ് റീന നാരായണൻ തുടങ്ങിയവർസ്ഥലം സന്ദർശിച്ചു. റോഡിലെ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.
