തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഫാം ഡി കോഴ്സിന് 50 ശതമാനം സീറ്റുകളില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് അറിയിച്ചു. കേരള സ്റ്റേറ്റ് സെല്‍ഫ് ഫിനാന്‍സിംഗ് ഫാര്‍മസി കോളജ് മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളുമായി സെക്രട്ടേറിയറ്റിലെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മുന്‍വര്‍ഷത്തെ പോലെ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ മാനേജ്മെന്റിന് അധികാരം നല്‍കണമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രോസ്പെക്ടസ് പ്രകാരം മാത്രമേ പ്രവേശനം നടത്താനാകൂവെന്ന് മന്ത്രി പറഞ്ഞു. മെരിറ്റ് സീറ്റില്‍ ഒഴിവുണ്ടായാല്‍ അത് മാനേജ്മെന്റിന് നല്‍കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഒരുകാരണവശാലും സീറ്റ് ഒഴിഞ്ഞു കിടക്കാന്‍ അനുവദിക്കില്ല. മെരിറ്റിലായാ യലും മാനേജ്മെന്റിലായാലും അര്‍ഹരായ എല്ലാകുട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കും. ഇതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാനേജ്മെന്റുകളുമായി കൂടിയാലോചിക്കാതെ മുന്‍കാലങ്ങളില്‍ തീരുമാനമെടുത്തിരുന്നതായി പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ ഈ സര് ക്കാര് തീരുമാനങ്ങളെടുക്കുവെന്നും ഇതിനാവശ്യമായ യോഗങ്ങള്‍ യഥാസമയം ചേരുമെന്നും മന്ത്രി കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
