മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബി.ആര്.സി. പരിധിയിലെ യു.പി. വിദ്യാലയങ്ങള്‍ക്കുള്ള സ്റ്റാര്‍സ് ഇന്റഗ്രേറ്റഡ് ലാബ് കിറ്റുകളുടെ രണ്ടാംഘട്ട വിതരണം നടത്തി. ബി.ആര്.സിയില്‍ നടന്ന ചടങ്ങ് തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത ലാബ് കിറ്റുകള്‍ വിതരണം ചെയ്തു.
പൊതുവിദ്യാഭ്യാസവകുപ്പും, സമഗ്രശിക്ഷാ കേരളയും കുസാറ്റും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അഞ്ച്, ആറ്, എഴ് ക്ലാസുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലാബ് ഉപകരണങ്ങളാണ് നല്‍കുന്നത്. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥി കള്‍ക്ക് പ്രവര്‍ത്തനാധിഷ്ഠിതവും അനുഭവ സമ്പന്നവുമായ പഠനാനുഭവങ്ങള്‍ ഒരുക്കി ആശയം പ്രായോഗികമായി മനസിലാക്കാന്‍ അവസരമൊരുക്കുകെയന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒന്‍പത് വിദ്യാലയങ്ങളിലേക്കാണ് ഉപകരണങ്ങള്‍ നല്‍കിയിട്ടുള്ളത്. ഇവിടങ്ങളില്‍ പ്രവര്‍ത്തന ങ്ങള് മികച്ചരീതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടാംഘട്ടത്തില്‍ എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. എടത്തനാട്ടുകര, വടശ്ശേരിപ്പുറം എസ്.എ. എച്ച്.എം. ജി.എച്ച്.എസ്, അലനല്ലൂര്‍ ജി.വി.ച്ചെ്.എസ് എന്നീ സ്കൂളുകളിലേക്കാണ് ഐ.ലാബ് കിറ്റുകള്‍ ലഭ്യമാക്കിയത്. പുതിയ വിദ്യാലയങ്ങളിലേക്കു കൂടിയുള്ള ഈ വ്യാപനത്തോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തനാധിഷ്ഠിതവും അനുഭവ സമ്പന്നവുമായ പഠനാന്തരീക്ഷം ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വിജീഷ് അധ്യക്ഷനായി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ് ഷാജി പദ്ധതി വിശദീകരണം നടത്തി. ബി.ആര്.സി. ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന്, സ്റ്റാഫ് സെക്രട്ടറി ശ്രുതി, ഐലാബ് ഇന്‍ചാര്‍ജ് അമൃത എന്നിവര്‍ സംസാരിച്ചു.
