മണ്ണാര്‍ക്കാട്: പാലക്കാട്,മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ ആത്മീയമേഖലകളില്‍ കാരുണ്യ ത്തിന്റെ വലിയമാതൃക തീര്‍ത്ത യു.എ.ഇ. ബനിയാസ് സ്വദേശി സാരി ബിന്‍ അലി മുഹമ്മദ് മന്‍സൂരിയുടെ നിര്യാണത്തില്‍ മുസ്ലിം സര്‍വീസ് സൊസൈറ്റി അനുശോചിച്ചു. പ്രതിഫലേച്ഛ ഏതുമില്ലാതെ മനുഷ്യത്വത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ള കാരുണ്യപ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേതെന്ന് എം.എസ്.എസ്. ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി എന്നിവര്‍ അനുസ്മരിച്ചു.
യു.എ.ഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്രപിതാവുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന് അല്‍നഹ്യാന്റെ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് മന്‍സൂരി. ബനിയാസില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച അലനല്ലൂര്‍ സ്വദേശി പി.ഹസ്സന് ഹാജിയുമായി സാരി പുലര്‍ത്തിയിരുന്ന ആഴത്തിലുള്ള സൗഹൃദമാണ് അദ്ദേഹത്തെ അലനല്ലൂരി ലേക്ക് അടുപ്പിച്ചത്. ഈ സൗഹൃദത്തിന്റെ ഫലമായി തന്റെ സമ്പാദ്യത്തില്‍ വലിയൊരു പങ്ക് പാലക്കാട്, മലപ്പുറം ജില്ലകളിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി അദ്ദേഹം നീക്കിവെച്ചു. അലനല്ലൂര്‍ ജി.വി.എച്ച്. എസ്.എസിന് മനോഹരമായ കവാടം നിര്‍മിച്ച് നല്‍കിയത് അദ്ദേഹമാണ്. ഒരു സര്‍ക്കാര്‍ സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താന്‍ ഒരു വിദേശപൗരന് കാണിച്ച ഉദാരമനസ്കത നാട്ടുകാര്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു.
അലനല്ലൂര്‍ ടൗണ്‍, വഴങ്ങല്ലി, കണ്ണംകുണ്ട്, വെട്ടത്തൂര്‍, ചെമ്മാണിയോട്, നിലമ്പൂര്‍ കവല, മുക്കട്ട, മേലാറ്റൂര്‍, റെയില്‍വേ ജംഗ്ഷന്, കോട്ടോപ്പാടം കുതിരമ്പട്ട, പയ്യനെടം, പൊന്‍പാറ, നെല്ലിപ്പുഴ നജാത്ത് ഓര്‍ഫനേജ് കോമ്പൗണ്ട്, ഒലവക്കോട് റെയില്‍വേ ജംഗ്ഷന്, പാലക്കാട് പട്ടാണിതെരുവ്, വടക്കഞ്ചേരി, കിഴക്കഞ്ചേരി ചീരക്കുഴി തുടങ്ങിയിടങ്ങളില്‍ ജുമസ്ജിദുകളും നമസ്കാര പള്ളികളും മദ്രസകളും സാരി ബിന്‍ അലി മുഹമ്മദ് സ്വന്തം ചെലവില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
