കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി വാര്‍ഡ് മെമ്പര്‍ രമ ടീച്ചറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗം ചേര്‍ന്നു. കാഞ്ഞിരം ടൗണിന് സമീപത്തേക്ക് വരെ വന്യമൃഗ സാന്നിധ്യമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പരിഹാരനടപടികള്‍ക്കായി യോഗം വിളിച്ചുചേര്‍ത്തത്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ പാമ്പന്‍തോട് പഴയ ഉന്നതി മുതല്‍ പൂഞ്ചോല തോടു വരെയുള്ള സിംഗിള്‍ ലൈന്‍ ഫെന്‍സിങിന് താഴെയുള്ള അടിക്കാട് വെട്ടിത്തെളിക്കാന്‍ തീരുമാ നമായി. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് വാച്ചര്‍മാരു ടേയും, ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഒരു ജീവനക്കാരന്റെയും സേവനം ഇതിനായി പ്രയോജന പ്പെടുത്തും. തവളക്കല്ല് മുതല്‍ പാമ്പന്‍തോട് വരെ നിലവില്‍ സൗരോര്‍ജ്ജ തൂക്കുവേലിയുണ്ട്. അതേസമയം പാലക്കയം ഫോറ്സറ്റ് സ്റ്റേഷന് പരിധിയിലെ ഓടക്കുന്ന് മേഖലയില്‍ സിംഗിള്‍ ലൈന്‍ ഫെന്‍സിങ് കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പൂഞ്ചോല പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരായ ടി. ഫിറോസ് ബാബു, ലക്ഷ്മിദാസ്, കെ.എസ് സന്ധ്യ, എസ്. ഫസ്ല, പൂഞ്ചോല ഇടവക വികാരി ബിജോ, കിഫ ജില്ലാ കോര്‍ഡിനേറ്റര്‍ ജോമി മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
