പാലക്കാട്: കടുത്തവേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ പാമ്പുകള്‍ തണുപ്പ്തേടി ജനവാസമേഖലകളിലേക്കും വീടുകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വീടിന് ചുറ്റുമുള്ള പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്നതിനൊപ്പം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് അപകടങ്ങളൊഴിവാക്കാന്‍ സഹായിക്കും.
ഇക്കാര്യങ്ങളില്‍ വേണം ശ്രദ്ധ
വീടിനോട് ചേര്‍ന്നുള്ള പുല്‍ക്കാടുകള്‍, കരിയിലക്കൂട്ടങ്ങള്‍, വിറക് ശേഖരം എന്നിവ കൃത്യമായി വൃത്തിയാക്കണം. വാതിലുകള്‍ക്കും ജനാലകള്‍ക്കും താഴെയുള്ള വിടവു കള്‍ അടയ്ക്കുകയും ജനലുകളില്‍ നെറ്റുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് പാമ്പുക ള്‍ അകത്ത് കടക്കുന്നത് തടയും. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇടുന്നത് എലി കളെ ആകര്‍ഷിക്കുകയും അവയെ തേടി പാമ്പുകള്‍ എത്താന്‍ കാരണമാകുകയും ചെയ്യും. രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ ടോര്‍ച്ച് കരുതുന്നതും പുറത്തു വെച്ചിരിക്കു ന്ന ചെരുപ്പുകള്‍ ധരിക്കുന്നതിന് മുന്‍പ് കുടഞ്ഞു നോക്കുന്നതും ശീലമാക്കണം. തറയി ല്‍ പായ വിരിച്ച് ഉറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിക്കെട്ടന് പോലുള്ള പാമ്പുകള്‍ തണുപ്പ് തേടി കിടക്കയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. കട്ടിലിലോ കൊതു കുവലയ്ക്കു ള്ളിലോ ഉറങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. വീടിന്റെ വരാന്തയിലുള്ള ചെടിച്ചട്ടി കള്‍ക്കിടയിലെ നനവിലും പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്.
പാമ്പ് കടിയേറ്റാല്‍…
പാമ്പ് കടിയേറ്റാല്‍ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുകയാണ് ആദ്യം വേണ്ടത്. പരിഭ്രമിച്ചാല്‍ രക്തയോട്ടം കൂടുകയും വിഷം വേഗത്തില്‍ പടരുകയും ചെയ്യും. കടി യേറ്റ വ്യക്തിയെ അനങ്ങാന്‍ അനുവദിക്കാതെ ഇരുത്തുകയോ ബോധം പോകുക യാണെങ്കില്‍ ചരിച്ചു കിടത്തുകയോ ചെയ്യണം. മുറിവേറ്റ ഭാഗത്തെ ഇറുകിയ വസ്ത്ര ങ്ങള്, മോതിരം, വാച്ച്, ആഭരണങ്ങള്‍ എന്നിവ നീക്കം ചെയ്യണം. മുറിവിന് മുകളിലായി തുണിയോ കയറോ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കാന്‍ കാരണമാകുമെന്നതിനാല്‍ അത് ഒഴിവാക്കണം. കടിയേറ്റ വ്യക്തിയെ എത്രയും വേഗം ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് പ്രധാനം.
ശംഖുവരയന്റെ കടിയേറ്റാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
കണ്ണുകൾ: കൺപോളകൾ തൂങ്ങുക (നന്നായി ഉറക്കം വരുന്നതുപോലെ തോന്നും), കാഴ്ച മങ്ങുക.
തൊണ്ട: ഇറക്കാനുള്ള പ്രയാസം, വായിൽ നിന്ന് നുരയും പതയും വരിക, അല്ലെങ്കിൽ ശബ്ദത്തിൽ മാറ്റം വരിക.
വയർ: കഠിനമായ വയറുവേദന അല്ലെങ്കിൽ വയറുരച്ചിൽ (ഇത് വെള്ളിക്കെട്ടൻ കടിച്ചാൽ കാണുന്ന സാധാരണ ലക്ഷണമാണ്, എന്നാൽ പലപ്പോഴും ആളുകൾ ഇത് തിരിച്ചറിയാറില്ല).
ശ്വാസകോശം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇതാണ് ഏറ്റവും അപകടകരമായ ഘട്ടം.
മൂർഖൻ പാമ്പിൻറെ കടി ഏറ്റാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
മൂർഖൻ പാമ്പിന്റെ വിഷം ശരീരത്തിലെ നാഡീവ്യവസ്ഥയെയും പേശികളുടെ പ്രവർത്തനത്തെയുമാണ് നേരിട്ട് ബാധിക്കുന്നത്. വിഷബാധയുടെ ആദ്യ ലക്ഷണങ്ങളിലൊന്നായി കൺപോളകൾ തൂങ്ങിപ്പോകുന്നു. കാഴ്ച മങ്ങുന്നതിനും ഇത് കാരണമാകാറുണ്ട്. ശ്വസന തടസ്സം, വിഴുങ്ങാനുള്ള പ്രയാസം, നാക്കിലെയും തൊണ്ടയിലെയും പേശികൾ തളരുന്നത് മൂലം സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഉമിനീർ ഇറക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
വിഷ ചികിത്സ ഇവിടെ ലഭ്യം
പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികള്‍, അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ വിഷ ചികിത്സ ലഭ്യമാണെന്ന് ഡി.എം.ഒ അറിയിച്ചു.
