കോട്ടോപ്പാടം: 2016-ലെ റിയോ ഒളിമ്പിക്സ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ കോട്ടോപ്പാടം പാറപ്പുറം സ്വദേശി പി. കുഞ്ഞുമുഹമ്മദ് പൊതു വിദ്യാ ഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി ചുമതലയേറ്റു. കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലാണ് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമെത്തി ജോലിയില്‍ പ്രവേശിച്ചത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തസ്തികയ്ക്ക് സമാനമായ ഈ പദവിയില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്.
2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ പി. കുഞ്ഞു മുഹമ്മദ് ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സൂപ്പര്ന്യൂ മറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയത്. വൈ.മുഹമ്മദ് അനസ്, പി.യു ചിത്ര, വി. കെ വിസ്മയ, വി. നീന എന്നിവരാണ് ഇത്തരത്തില്‍ നിയമനം ലഭിച്ച മറ്റ് താരങ്ങള്‍. 2010 മുതല്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച കുഞ്ഞുമുഹമ്മദ് പൂനെ ആര്‍മി സ്പോ ര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സുബൈദാര്‍ ആയി ഇക്കഴിഞ്ഞ മാര്‍ച്ച് 31-നാണ് വിരമി ച്ചത്.
റിയോ ഒളിമ്പിക്സിലെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇദ്ദേഹം, ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ റിലേ ടീമിലും അംഗമായി രുന്നു. 2011-ലെ ലോക മിലിറ്ററി ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്. 2018ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയിരുന്നു. പരേതനായ പുത്തന്‍പുരയ്ക്കല്‍ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ ഇളയ മകനാണ്. എം.കെ തസ്ലീമയാണ് ഭാര്യ. ഫാത്തിമ ഇഷ, മുഹമ്മദ് ഇസാന് എന്നിവര്‍ മക്കളാണ്.
