അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ വീടിന് പുറത്ത് ചാര്‍ജ് ചെയ്യാനായി നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച്, കാറിലേക്കും വീട്ടിലേക്ക് പടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം.കോട്ടപ്പള്ളയിലെ കരുവള്ളി ഷമീമിന്റെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
സ്കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിന്റെ ഉള്‍ഭാഗം ഉള്‍പ്പടെ അഗ്നിക്കിരയായി. വീടിന്റെ വയറിങ്, സീലിങും മറ്റും പൂര്‍ണമായും നശിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള കടകളുടെ മീറ്റര്‍ ബോര്‍ഡുകളും മറ്റും കത്തിനശിച്ചതിനാല്‍ വീട്ടിലും കടകളിലും വൈദ്യുതിബന്ധം നിലയ്ക്കാനും കാരണമായി.
ബഹുനില കെട്ടിടത്തിലുള്ള അക്ഷയ സെന്ററിലെ ആളുകളാണ് ആദ്യം തീപടരുന്നത് കണ്ടത്. വിവരം അഗ്നിരക്ഷാനിലയത്തിലും അറിയിച്ചു. ഇതുപ്രകാരം വട്ടമ്പലം അഗ്നിരക്ഷാനിലയം ഓഫിസര്‍ ആര്.ഹിതേഷ്, മറ്റുസേന അംഗങ്ങളായ ഡി.സജിത്, ഷെരീഫ്,സജു, കെ.പ്രശാന്ത്, കിരണ്‍, വിഷ്ണു, പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീനിയന്ത്രണവിധേയമാക്കി. വിവരമറിഞ്ഞ് നാട്ടുകല്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞവര്‍ഷവും ഇവിടെ ചാര്‍ജ് ചെയ്തിരുന്ന സ്കൂട്ടര്‍ കത്തിനശിച്ചിരുന്നു.
