അലനല്ലൂര്‍: എല്‍.ഡി.എഫ്. സര്‍ക്കാര്‍ ചെയ്യുന്നതേ പറയൂ, പറയുന്നതേ ചെയ്യൂവെന്ന് സി.പി.എം. ദേശീയ നേതാവ് ബൃന്ദ കാരാട്ട്. മണ്ണാര്‍ക്കാട് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അലനല്ലൂരില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വാക്കല്ല, പ്രവൃത്തിയാണ് ഇടതുപക്ഷത്തിന്റെ ശക്തി. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങളുടെ പിന്തുണയോടെ അസാധ്യമായത് സാധ്യമാക്കി.വിദ്യാഭ്യാസം-ആരോഗ്യം- സാമൂഹിക സുരക്ഷിതത്വം എന്നിവയില്‍ കേരളം ഒന്നാമതാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നീതി ആയോഗിന്റെ റിപ്പോര്‍ട്ടാണിത്.ഇന്ത്യ ആര്‍എസ്എസ്-സംഘ് പരിവാര്‍ നയങ്ങള്‍ക്ക് കീഴടങ്ങി കൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും പിന്നാക്കാക്കാരും ആക്രമണത്തിന് വിധേയമാവുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരുവര്‍ഗീയ കലാപവും നടക്കാത്ത സംസ്ഥാനമാണ് കേരളം.മോദിയും കോണ്‍ഗ്രസ് നേതാക്കളും നുണനിര്‍മാണ യന്ത്രവുമായാണ് വരുന്നത്. രാഹുല്‍ഗാന്ധി യാഥാര്‍ഥ്യം മനസിലാക്കാതെ പ്രസംഗിക്കരുതെന്നും കെ.സി വേണുഗോപാല്‍ എഴുതിതരുന്നത് അതേപടി വായിക്കരുതെന്നും ബൃന്ദ പറഞ്ഞു.
പി.മുസ്തഫ അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, പി.എ ഗോകുല്‍ദാസ്, ലോക്കല്‍ സെക്രട്ടറിമാരായ വി.അബ്ദുല്‍ സലിം, പ്രജീഷ് പൂളക്കല്‍, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന് പൊറ്റശ്ശേരി, കെ.എ സുദര്ശനകുമാര്, ജോസ് ബേബി, കെ.രവികുമാര്‍, എസ്.രാമകൃഷ്ണന്, പി.പങ്കജവല്ലി, പി.രഞ്ജിത്ത്, കെ.ഷാജഹാന്, കെ.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
