മണ്ണാര്‍ക്കാട്: മാര്‍ച്ച് 29-ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണസ്ഥാപന പരിധികളില്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആകാശ ഉപകരണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
പാലക്കാട് നഗരസഭ, കണ്ണാടി, മരുതറോഡ്, കൊടുമ്പ് ഗ്രാമപഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളിലാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, റിമോട്ട് കണ്ട്രോള്ഡ് ഇലക്ട്രോണിക് ടോയ് പ്ലെയിനുകള്‍, ഹെലികാം, ഡ്രോണുകള്‍ (യു.എ.വി.), മറ്റ് ആകാശ ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് ഈ പരിധിയില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.
മാര്‍ച്ച് 27 അര്‍ധരാത്രി 12 മുതല്‍ മാര്‍ച്ച്-30 അര്‍ദ്ധരാത്രി 12 വരെയാണ് നിരോധനം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആകാശമാര്ഗ്ഗേനയുണ്ടാകാന് സാധ്യതയുള്ള ഭീഷണികള്‍ ഒഴിവാക്കുന്നതിനുമാണ് പാലക്കാട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കിയത്.2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 163 പ്രകാരമാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 223, എയര്‍ക്രാഫ്റ്റ് ആക്ട് (1934), ഡ്രോണ്‍ നിയമങ്ങള്‍ (2021) എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നിയമം ലംഘി ക്കുന്നവര് പ്രോസിക്യൂഷന് നടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
