മണ്ണാര്‍ക്കാട്: വേനലിനെ നേരിടാനും വനത്തിനുള്ളില്‍ തന്നെ വന്യജീവികള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സൈലന്റ്വാലി വനമേഖലയില്‍ 38 താത്കാലിക തടയണകള്‍ നിര്‍മിച്ച് വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന തിനായി നടപ്പിലാക്കുന്ന ‘മിഷന് ഫുഡ്-ഫുഡര്‍ ആന്‍ഡ് വാട്ടര്‍’ പദ്ധതിയുടെ ഭാഗമാ യാണ് നീര്‍ച്ചാലുകളില്‍ വെള്ളം സംഭരിക്കാന്‍ സംവിധാനമൊരുക്കിയത്.
സൈലന്റ്വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്ഡന് ജി. ഹരികൃഷ്ണന് നായരുടെ നിര്‍ദ്ദേശപ്രകാരം വനപാലകരാണ് തടയണകള്‍ നിര്‍മിച്ചത്. പാഴ്മരങ്ങള്‍, കാട്ടുവള്ളികള്‍, കല്ല്, മണ്ണ് എന്നിവ ഉപയോഗിച്ചാണ് വനത്തിനുള്ളിലെ തോടുകളിലും മഴവെള്ള ഒഴുക്കുള്ളസ്ഥലങ്ങളിലും ബ്രഷ്വുഡ്, ബോള്‍ഡര്‍ ചെക്ക്ഡാമുകള്‍ നിര്‍മിച്ചി രിക്കുന്നത്. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ തന്നെ ഭക്ഷണവും വെള്ളവും ലഭ്യ മാക്കുക എന്ന വനംവകുപ്പിന്റെ പന്ത്രണ്ടിന കര്‍മ്മപദ്ധതിയുടെ ലക്ഷ്യം മുന്‍നിര്‍ത്തി യാണ് ഈ നടപടി. ജലസംഭരണം വര്‍ധിപ്പിക്കുന്നതിനൊപ്പം മണ്ണൊലിപ്പ് തടയാനും ഇത്തരം താത്കാലിക തടയണകള്‍ സഹായകരമാകും.
സൈലന്റ്വാലി റെയ്ഞ്ചിലെ ആറ് സെക്ഷനുകളിലായി 11 ബോള്‍ഡര്‍ ചെക്ക്ഡാമുക ളും 15 ബ്രഷ്വുഡ് ചെക്ക്ഡാമുകളും നിര്‍മിച്ചതായി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് വി.എസ്. വിഷ്ണു പറഞ്ഞു. ഭവാനി റെയ്ഞ്ച് പരിധിയില്‍ 12 ബ്രഷ്വുഡ് ചെക്ക്ഡാമുകള്‍ ഒരുക്കിയതായി അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍. ഗണേശനും അറിയിച്ചു.ഈ വര്ഷത്താരംഭത്തില് തന്നെ താത്കാലിക തടയണകളുടെ നിര്‍മാണം വനംവകുപ്പി ന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.
