മണ്ണാര്‍ക്കാട്: തട്ടകത്തിന് ആവേശം പകര്‍ന്ന് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്ര ത്തില്‍ വലിയാറാട്ട് ആഘോഷമായി.വാദ്യവിസ്മയങ്ങളും വര്ണകാഴ്ചകളു മൊരുക്കിയ വലിയാറാട്ട് കാണാനും ആചാരപ്പെരുമയേറെയുള്ള കഞ്ഞിപ്പാര്‍ച്ചയില്‍ പങ്കെടുക്കാനു മായി നാടിന്റെ നാനാദിക്കുകളില്‍ നിന്നായി ആയിരങ്ങള്‍ അരകുര്‍ശ്ശി യിലെത്തി.
ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന് നമ്പൂതിരിയുടേയും മേല്‍ശാന്തി ശ്രേയസ് എമ്പ്രാന്തിരിയുടേയും കാര്‍മികത്വത്തില്‍ രാവിലെ ചടങ്ങുകള്‍ നടന്നു. ശേഷം അഞ്ച് ഗജവീരന്മാരുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദേവിയു ടെ ആറാട്ടെഴുന്നെള്ളിപ്പുണ്ടായി. തുടര്‍ന്ന് തിരിച്ചെഴുന്നെള്ളിപ്പും നടന്നു.മേജര്‍സെറ്റ് പഞ്ചവാദ്യവുമുണ്ടായി. കുന്തിപ്പുഴയിലെ ആറാട്ടുകടവില്‍ പരമ്പരാഗത ആചാരമായ കഞ്ഞിപ്പാര്‍ച്ചയും നടന്നു. ഉച്ചവെയിലിലും തളരാതെ ആയിരങ്ങള്‍ കഞ്ഞിപ്പാര്‍ച്ചയില്‍ പങ്കെടുത്തു. മേളം, നാദസ്വരം, ഓട്ടന്തുള്ളല്, ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, കൊമ്പ് പറ്റ്,കുഴല്‍പറ്റ് എന്നിവയുമുണ്ടായി. രാത്രി ആറാട്ടെഴുന്നെള്ളിപ്പിന് ശേഷം 110ഓളം വാദ്യകലാകാരന്മാര് അണനിരന്ന പാണ്ടിമേളം വാദ്യപ്രേമികളുടെ മനംനിറച്ചു. ഇടയ്ക്ക പ്രദക്ഷിണവും കാഴ്ചശീവേലിയുമോടെ വലിയാറാട്ട് സമാപിച്ചു.
ഇന്നാണ് വിഖ്യാതമായ ചെട്ടിവേല. ഉച്ചകഴിഞ്ഞ് മൂന്നിന് യാത്രാബലി-താന്ത്രിക ചടങ്ങുകള്‍ക്കുശേഷം പഞ്ചവാദ്യസമേതം സ്ഥാനീയ ചെട്ടിയാന്മാരെ ആനയിക്കും. തുടര്‍ന്ന് ദേശവേലകള്‍ നഗരത്തില്‍ സംഗമിച്ച് ഘോഷയാത്രയായി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെത്തും. വൈകീട്ട് ഏഴിന് ആറാട്ട്, 21 പ്രദക്ഷിണം, തുടര്‍ന്ന് കൊടിയിറക്കല്‍, അത്താഴപൂജ എന്നിവയോടെ പൂരത്തിന് സമാപനമാകും.
