ഷൊര്‍ണൂര്‍ : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കാഴ്ചപരിമിതര്‍ക്ക് ഉള്‍ക്കാഴ്ച ഒരുക്കുന്ന ‘കാഴ്ച പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാ ടനവും കാഴ്ച പദ്ധതി പരിശീലനോദ്ഘാടനവും പി.കെ ശശി എം.എല്‍.എ നിര്‍വ ഹിച്ചു. ഭിന്നശേഷിക്കാരെ സ്വയം ഉള്‍വലിയുന്ന ജീവിതാവസ്ഥയില്‍ നിന്നും മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന ഏറ്റവും മനുഷ്യ സ്‌നേഹപരമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കാഴ്ചയുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം കാഴ്ച പരിമിതിയുള്ളവര്‍ക്കും ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് പദ്ധതി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പാര്‍ശ്വവല്‍ക്കരി ക്കപ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന സേവനങ്ങളെ ബാധിക്കരുതെന്ന സര്‍ക്കാരിന്റെ സമീപനം പുതിയ ബജറ്റില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഈ ദിശയിലുള്ള ആദ്യ സംരംഭമായ കാഴ്ച എച്ച് പദ്ധതിയിലൂടെ കാഴ്ചപരിമിതിയുള്ളവര്‍ക്ക് പ്രത്യേക സോഫ്ട് വെയറോടു കൂടിയ സ്മാര്‍ട്ട് ഫോണുകള്‍ ആണ് വിതരണം ചെയ്തത്. 3-ജി, 4-ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രം-പുസ്തകവായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷ- പഠനസഹായി കള്‍, സംസാരിക്കുന്ന റൂട്ട് മാപ്പ് എന്നിവ ഇവര്‍ക്ക് പരാശ്രയമില്ലാതെ വിരല്‍ത്തുമ്പിലാക്കാം. കാഴ്ചപരിമിതിയുള്ള ഒരാള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശയറിയാനും മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധിക്കുന്നു.
രണ്ടു ദിവസങ്ങളിലായി സ്മാര്‍ട്ട്‌ഫോണ്‍ പരിശീലന പരിപാടിയും സംഘടിപ്പിച്ചു
രണ്ട് ദിവസങ്ങളിലായി നടന്ന സ്മാര്‍ട്ട് ഫോണ്‍ പരിശീലന പരിപാടി യില്‍ 100 പേരാണ് പങ്കെടുത്തത്.സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച കാഴ്ച പരിമിതരായ 20 മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനം നല്‍കിയത്. സജീവന്‍, ഭരത്, കലേഷ്, രമിത് തുടങ്ങിയവര്‍ പരിശീലന ത്തിന് നേതൃത്വം കൊടുത്തു. ജില്ലയില്‍ നിന്ന് 100 പേര്‍ക്കാണ് ഫോണു കള്‍ വിതരണം ചെയ്തത്. ഇന്റര്‍നെറ്റ് കണക്ഷനോട് കൂടിയ സിം കാര്‍ഡുകളും ഇതോടൊപ്പം സൗജന്യമായി വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകളുടെ വിതരണം നേരത്തെ നടത്തിയിരുന്നു.
മുച്ചക്രവാഹന വിതരണവും സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു
ചലന പരിമിതി നേരിടുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായി മുച്ചക്രവാഹനങ്ങള്‍, ഇലക്ട്രോണിക്സ് വീല്‍ചെയര്‍ എന്നിവയുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലയിലെ 12 പേര്‍ക്കാണ് ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്തത്.
കൂടാതെ വകുപ്പ് നടപ്പാക്കുന്ന ഹസ്തദാനം പദ്ധതിയില്‍ 12 വയസ് പ്രായമായ ഗുരുതര ഭിന്നശേഷികാരായ കുട്ടികളുടെ പേരില്‍ 18 വയസ് വരെയുള്ള കാലയളവിലേക്ക് നിക്ഷേപിച്ച സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിതരണം ചെയ്തു. 50 ശതമാനവും അതിനു മുകളിലും ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായി വികലാംഗ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയാണിത് . 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. 750 പേരെ തിരഞ്ഞെടുത്ത് അവരുടെ പേരില്‍ നിശ്ചിത തുക ബാങ്കില്‍ നിക്ഷേപിക്കുകയും 18 വയസ്സ് തികയുമ്പോള്‍ തുകയും പലിശയും നല്‍കുകയും ചെയ്യും.
ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്കല്‍ മോഹനന്‍ അധ്യക്ഷനായി. മാനേജിങ് ഡയറക്ടര്‍ കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.വിമല, ഷൊര്‍ണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ .സുനു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.സന്തോഷ് ബാബു, ഐക്കോണ്‍സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശശി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.