തച്ചമ്പാറ : ദേശീയപാത മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു, വൻ അപകടം ഒഴിവായി. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് സംഭവം. പാലക്കാട് നിന്നും മണ്ണാർക്കാട് പോകുകയായിരുന്ന പി.ടി.ബി ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരായ സുലോചന (63), ലിയ (12) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മഴ ചാറിയിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡിൻറെ വശങ്ങളിലെ ഡിവൈഡറിൽ ഇടിച്ചു മൂന്നടിയോളം താഴ്ചയിൽ ഇറങ്ങി ബസ്സിൻറെ മുൻഭാഗം കുത്തി നിൽക്കുകയായിരുന്നു. ബസ്സിൽ പകുതിയിലധികം ആളുകൾ ഉണ്ടായിരുന്നു. ബസ് മറിയാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. മഴചാറിയാൽ അപകടമുണ്ടാവുന്നത് ഇവിടെ നിത്യ സംഭവമാണ്.