പാലക്കാട്:ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടില്‍ പോയി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി യാത്രാനുമതി നല്‍കി ഉത്തരവിട്ടു.ഇത്തരത്തില്‍ പരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാര്‍ത്ഥികള്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാള്‍ടിക്കറ്റ് ജില്ലയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കി അനുമതി ലഭ്യമാക്കണം. ആവശ്യമെങ്കില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്കൊപ്പം ഒരു രക്ഷിതാവിനെ അനുവദിക്കും. വിദ്യാര്‍ഥികള്‍ യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭ്യമാക്കേണ്ടതുണ്ട്.ചെക്ക്‌പോസ്റ്റിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് രക്ഷിതാക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരിശോധിച്ചശേഷം മാത്രം പാലക്കാട് ജില്ലയിലേക്ക് തിരികെ കടത്തിവിടാനാണ് നിര്‍ദേശം. ഇത്തരത്തില്‍ 24 മണിക്കൂറിനകം ജില്ലയില്‍ തിരിച്ചെത്തുന്നവരെ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും ‘രക്ഷിതാക്കളും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നിര്‍ദ്ദേശവും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.