അലനല്ലൂര്‍: ഇരുപതടിയോളം ഉയരമുള്ള ഷെഡ്ഡിന്റെ മേല്‍ക്കൂരയിലേക്ക് കയറിപ്പറ്റിയ മൂന്നു വയസ്സുകാരിയെ കെട്ടിടനിര്‍മാണ തൊഴിലാളിയായ ഷിഹാബ് സാഹസികമായി രക്ഷപ്പെടുത്തി. അലനല്ലൂര്‍ നന്നങ്ങാടിക്കുന്ന് വട്ടത്തൊടി വീട്ടില്‍ ഷിഹാബിന്റെ (38) മനസ്സാന്നിധ്യമാണ് കുഞ്ഞി ന് തുണയായത്. സ്വന്തം ജീവന് പോലും വകവെയ്ക്കാതെയുള്ള ഷിഹാബിന്റെ ഈ ധീരതയ്ക്ക് വലിയ അഭിനന്ദനമാണ് നാടാകെ നല്‍കുന്നത്.

വെള്ളിയാഴ്ച വൈകിട്ടോടെ അലനല്ലൂരിലെ എസ്റ്റേറ്റുംപടിയിലാണ് സംഭവം. ഇവിടെ സ്വകാര്യ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ സ്ഥാപനത്തിന്റെ മുകളിലേക്കാണ് അസം സ്വദേ ശികളായ കരീം-ആബിദ ദമ്പതികളുടെ മകള്‍ ‘മൈന’ എന്ന് വിളിക്കുന്ന കുഞ്ഞ് കയറിപ്പോയത്. സ്ഥാപനത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്ക്കായെത്തിയ ഷിഹാബും സഹപ്രവര്‍ത്തകരും ജോലി കഴിഞ്ഞ് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഉച്ചത്തിലുള്ള നിലവിളി കേട്ടത്.
ഓടിയെത്തിയ ഷിഹാബ് കണ്ടത് ഷീറ്റുമേഞ്ഞ ഷെഡ്ഡിന്റെ മേല്‍ക്കൂരയുടെ പകുതിയോളം കുട്ടി എത്തിനില്‍ക്കുന്ന കാഴ്ചയാണ്. ഉടന്‍ തന്നെ ഷെഡ്ഡിനടുത്തായി കൂട്ടിയിട്ടിരുന്ന ചാക്കു കെട്ടുകള്‍ക്ക് മുകളിലൂടെ മേല്‍ക്കൂരയിലെത്തിയ ഷിഹാബ്, കുട്ടിക്ക് അരികിലെത്തി സുര ക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.ഈ ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെയാണ് കുട്ടിയും മേല്‍ക്കൂരയിലേക്ക് അബദ്ധത്തില്‍ കയറിപ്പോയത്. മേല്‍ക്കൂരയുടെ മറുവശം മുപ്പതടിയോളം താഴ്ചയുള്ള സ്ഥലമായിരുന്നുവെന്നും, ആ ഭാഗത്തേക്ക് കുട്ടി എത്താതിരുന്നത് വലിയ ഭാഗ്യമായി യെന്നും ഷിഹാബ് പറഞ്ഞു. മുന്‍പും ഷിഹാബ് ഇവിടെ ജോലിക്കെത്തിയിട്ടുള്ളതിനാല് കുട്ടിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു.

ഈ സാഹസിക രക്ഷാപ്രവര്‍ത്തനം ഷിഹാബിന്റെ സുഹൃത്തായ അത്താണിപ്പടി സ്വദേശി ഷിനോജാണ് കാമറയില്‍ പകര്‍ത്തി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. തുടര്‍ന്ന് അരിയ ക്കുണ്ട് സ്വദേശി നിഖില്‍ ഇത് വാട്സ്ആപ്പ് സ്റ്റാറ്റസാക്കുകയും, മണ്ണാര്‍ക്കാട്ടെ ആംബുലന്‍സ് പ്രവര് ത്തകനായ ഷിഹാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതോടെയാണ് ഷിഹാബി ന്റെ ധീരത പുറംലോകമറിഞ്ഞത്.
