മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ വികസനസ്വപ്നങ്ങള്‍ക്ക് പുതിയപ്രതീക്ഷകളായി എന്‍. ഷംസുദ്ദീന് തിങ്കളാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നാലാം തവണയും ഉജ്വലവിജയം നേടിയ ഷംസുദ്ദീന് മന്ത്രിക്കുപ്പായമണിയുമ്പോള് അത്, അണികള്‍ക്കും നാടിനും ഒരുപോലെ അഭിമാന നിമിഷമാവുകയാണ്. ലാളിത്യവും സൗമ്യതയും മുഖമുദ്രയാക്കിയ ലീഗിന്റെ സമുന്നതനായ നേതാവ് മന്ത്രിക്കസേരയിലെത്തുമ്പോള് യു.ഡി.എഫ്. ക്യാംപും അതിരില്ലാത്ത ആഹ്ലാദത്തിലാണ്. ജില്ലയിലെ യു.ഡി.എഫ്. പ്രവര്‍ത്തനങ്ങളുടേയും മുസ്ലിം ലീഗ് സംഘടനാ സംവിധാനത്തിന്റെയും മുന്‍നിരയിലുള്ള അദ്ദേഹത്തിന്റെ ഈ പുതിയ നേട്ടം പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജ്ജമാണ് പകരുന്നത്.
മലപ്പുറം തിരൂര്‍ സ്വദേശിയായ എന്‍. ഷംസുദ്ദീന് 2011 മുതല്‍ മണ്ണാര്‍ക്കാടിന്റെ ജനപ്രതിനിധി യാണ്. മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരമുള്‍പ്പടെ നേടിയിട്ടുള്ള അദ്ദേഹം സഭയിലെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. ഇത്തവണ 25, 903 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ഷംസുദ്ദീന് മന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രചാരണമുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണ്ണാര്‍ക്കാടിന് മന്ത്രിസ്ഥാനം ലഭിക്കുന്നത്. മുന്‍പ് 1967-ല്‍ സി.പി.ഐ. പ്രതിനിധിയായി ഇവിടെ നിന്നും വിജയിച്ച ഇ.കെ ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ ടി.ശിവദാസ മേനോന് ധനകാര്യ വകുപ്പ് മന്ത്രിയായും സി.പി.ഐ യിലെ ജോസ് ബേബി ഡെപ്യുട്ടി സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നുള്ള യു.ഡി.എഫിന്റെ ആദ്യമന്ത്രിയാണ് ഷംസുദ്ദീന്.
ആദിവാസി മേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിനും പാലക്കാട് ജില്ല യ്ക്കും ഈമന്ത്രി സ്ഥാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, മലയോരമേഖലയുടെ ഉന്നമനം എന്നിവയ്ക്കെല്ലാം ഷംസുദ്ദീന്റെ മന്ത്രിപദവി പുരോഗമനമുണ്ടാക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.
