സര്‍ക്കാര്‍ സംവിധാനത്തില്‍ ഡ്രൈവിങ് പഠിക്കാം
മണ്ണാര്‍ക്കാട്: മിതമായനിരക്കില്‍ മികച്ച പരിശീലനമൊരുക്കുന്ന കെ.എസ്.ആര്.ടി.സി യുടെ ജില്ലയിലെ രണ്ടാമത്തെ ഡ്രൈവിങ് സ്കൂള്‍ മണ്ണാര്‍ക്കാട് പ്രവര്‍ത്തനമാരംഭിച്ചു. പുതിയ സ്കൂളിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. നഗരസ ഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍, കെ.എസ്.ആര്.ടി.ഇ.എ. സംസ്ഥാന സെക്രട്ടറി പി.എസ് മഹേഷ്, കെ.എസ്.ടി.ഡബ്ല്യു.യു. സംസ്ഥാന സെക്രട്ടറി ഷൗക്കത്തലി, കെ.എസ്.ടി.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ഡിപ്പോ കണ്‍ട്രോളിങ് ഓഫിസര്‍ മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ വിജകരമായി നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണ് മണ്ണാര്‍ക്കാട്ടും ഡ്രൈവിങ് പഠനകേന്ദ്രം ആരംഭിച്ചത്. ഡിപ്പോയില്‍ തന്നെയാണ് ക്ലാസ്മുറികള് ക്രമീകരിച്ചിട്ടുള്ളത്. ഒരു ഇന്‍സ്ട്രക്ടറും രണ്ട് ട്രെയിനര്മാ രുമാണ് പരിശീലനത്തിന് നേതൃത്വതം നല്‍കുക. ഡ്രൈവിങ് കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി ഡിപ്പോ അധികൃതര്‍ അറിയിച്ചു.
കാര്‍, ഹെവി വാഹനങ്ങള്‍ ഡ്രൈവിങ് കോഴ്സിന് ജനറല്‍ വിഭാഗത്തിന് 9,000 രൂപ വീതമാണ് ഫീസ്. ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപയും ഇരുചക്രവാഹനവും കാറും പരിശീലിക്കാന്‍ 11,000 രൂപയുടെ പ്രത്യേക പാക്കേജുമുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഫീസ് ഇത് യഥാക്രമം, 7,200, 2,800, 8,800രൂപ എന്നിങ്ങനെയാണ്. ഫീസില്‍ 20 ശതമാനം ഇളവാണ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അനുവദിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചവര്‍ക്ക് പ്രയോഗിക പരിശീലനവും ലഭ്യമാണ്.
നാലുചക്ര വാഹനങ്ങള്‍ക്കും, ഹെവി വാഹനങ്ങള്‍ക്കും 30 ദിവസത്തെ ക്ലാസാണ് നല്‍കുന്നത്.രണ്ട് തിയറിക്ലാസ്, 22 റോഡ് പരിശീലനം, ഡ്രൈവിങ് ടെസ്റ്റിനുള്ള ടി, എച്ച് എന്നിവയില്‍ ആറ് തവണ പരിശീലനവും ഇതില്‍ ഉള്‍പ്പെടും.ദിവസവും അരമണിക്കൂറാണ് ക്ലാസ് സമയം.ഇരുചക്രവാഹനങ്ങള്‍ക്ക് 20 ദിവസത്തെ ക്ലാസാണ് ഉണ്ടാവുക. ഫോണ്‍: 9188933799,9656436070.
