പാലക്കാട്: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സർക്കാറിന്റെ നിർദ്ദേശങ്ങ ളും നിബന്ധനകളും അനുസരിച്ച് മാത്രമേ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ അതിർത്തി കടക്കാൻ അനുവദിക്കുവെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. എം.എച്ച്.എ മാനദണ്ഡ പ്രകാരം സർക്കാർ നിർദേശിക്കുന്ന അടിയ ന്തിര ആവശ്യങ്ങൾ മാത്രമുള്ള ആളുകൾക്കേ കേരളത്തിലേക്ക് വരാൻ കഴിയുകയുളളൂ വെന്നും എന്നാൽ ചരക്ക് വാഹനങ്ങൾ അതിർത്തി ചെക്ക് പോസ്റ്റു കൾ വഴി കടത്തിവിടുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.സർക്കാർ നിർദേശങ്ങൾ (ഏപ്രിൽ 11) മുതൽ ചെക്ക് പോസ്റ്റുകളിൽ നടപ്പാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിയോഗിച്ചിട്ടുള്ള എക്സിക്യൂട്ടീവ് മജിസ്രേറ്റുമാർ, പോലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ കലക്ടർ നിർദേശം നൽകി.
നിർദ്ദേശങ്ങൾ ഇപ്രകാരമാണ്
- മരിച്ച ആളുടെ അടുത്ത ബന്ധുകൾക്ക് മാത്രം
- ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ അടുത്ത ബന്ധുക്കൾ മാത്രം. (മറ്റു സംസ്ഥാനത്തു നിന്ന് എത്തുന്ന അടുത്ത ബന്ധുക്കൾ ചെക്ക് പോസ്റ്റിൽ നിന്നും പോലീസ് എസ്കോർട്ടോടുകൂടി രോഗിയുടെ അടുത്ത് ചെല്ലേണ്ടതും രോഗിയെ കണ്ടതിനുശേഷം ഗവ. ക്വാറന്റൈനിൽ കഴിയേണ്ടതുമാണ്). ഇവർക്ക് ഹോം ക്വാറന്റൈൻ അനുവദിക്കില്ല.
- അത്യാവശ്യ ചികിത്സകൾ നിലവിൽ താമസിക്കുന്ന സംസ്ഥാനത്ത് ചെയ്യണം . അതിനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തിൽ അതിർത്തി ജില്ലയിലെ ആശുപത്രിയിൽ സൗകര്യം അനുവദിക്കും.
- വിദേശത്തു നിന്നും വരുന്നവർക്ക് ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമായാൽ എം.എച്ച്.എ. മാനദണ്ഡപ്രകാരം യാത്ര പാസ് അനുവദിക്കാം.
ഇത്തരം കാര്യങ്ങൾക്കല്ലാതെ മറ്റൊരാവശ്യത്തിനും യാത്രക്കാരെ സംസ്ഥാന അതിർത്തി കടക്കാൻ അനുവദിക്കുന്നതല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.