പാലക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിക്ക് തുടക്കമായി. കേരള സര്‍ക്കാറിന്റെ പന്ത്രണ്ട് ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി 20 രൂപക്ക് ഉച്ചഭക്ഷണം നല്‍കുന്ന വിശപ്പുരഹിത കേരളം, ജനകീയ ഹോട്ടല്‍ പദ്ധതിക്ക് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 3.4 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഹോട്ടല്‍ ആരംഭിക്കുന്നതിനായാണ് 20,000 രൂപ വീതം ബ്ലോക്ക് വിഹിതം നല്കുന്നത്. ഏഴുഗ്രാമപഞ്ചായത്തുകളിലുമായി 1,40,000 രൂപ ബ്ലോക്ക് ഈയിനത്തില്‍ അനുവദിക്കും.
ഒരു ഗ്രാമപഞ്ചായത്തിന് 20000 രൂപയാണ് ഹോട്ടല്‍ തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്നത്. കൂടാതെ ജില്ലാ പഞ്ചായത്ത് വിഹിതമായി പതിനായിരം രൂപയും ഓരോ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ബാക്കിയുള്ള അടിസ്ഥാനസൗകര്യങ്ങളും ഫണ്ടും അതത് ഗ്രാമപഞ്ചായത്തുകളാണ് അനുവദിക്കുക.ഇത് കൂടാതെ ബ്ലോക്ക് പഞ്ചായത്തിലെ കാന്റീന്‍ വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതിന് രണ്ട് ലക്ഷം രൂപയും അനുവ ദിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഉച്ചഭക്ഷണം തേടിയെത്തുന്ന എല്ലാവര്‍ക്കും 20 രൂപക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപിത പരിപാടിക്ക് പിന്തുണയായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് തുക അനുവദിക്കുന്നത്. ഏഴ് ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തിനും ഉള്‍പ്പെടെയാണ് മൂന്നു ലക്ഷത്തി നാല്‍പതിനായി രം രൂപ അനുവദിക്കുന്നത്. 2020- 21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ഇതോടു കൂടി തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്ലോക്ക് പഞ്ചായത്ത് സ്റ്റിയറിങ്ങ് കമ്മറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെ ടുത്തത്.