മണ്ണാര്‍ക്കാട് : വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി തുക തട്ടി യെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തമിഴ് നാട് നീലഗിരി ഊട്ടി സ്വദേശി പ്രശാന്ത് (33) ആണ് അറസ്റ്റിലായത്. തട്ടിപ്പിനെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങിനെ. 2015 മെയ് മുതല്‍ 2021 നവംബര്‍ വരെ മണ്ണാര്‍ക്കാട് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ യൂനിറ്റ് മാനേജരായി ഇയാള്‍ ജോലി ചെയ്തിരുന്നു. പോളിസി എടുക്കുന്ന ഉടമകളുടെ അക്കൗണ്ട് വിവരങ്ങള്‍ അവരറിയാതെ പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തു. പോളിസികളിലും നീലഗിരി ജില്ലയി ലെ എസ്ബിഐയുടെ അഗലാര്‍ ബ്രാഞ്ചില്‍ നിന്നും പ്രതിയുടെ പേരിലുള്ള ചെക്ക് ലീഫിലും കൃത്രിമം കാട്ടി പോളിസി ഉടമകളുടെ പേര് അടിച്ച് ചേര്‍ത്ത് വ്യാജരേഖ ഉണ്ടാക്കി. ഇത് അസലായി ഉപയോഗിച്ച് പോളിസികള്‍ കാലാവധി പൂര്‍ത്തിയാകുന്ന സമയം ലഭിക്കേണ്ട 29 ലക്ഷം രൂപ പ്രതി സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് നിക്ഷേ പിക്കുകയും ഇത് കൈപ്പറ്റിയശേഷം അക്കൗണ്ട് അവസാനിപ്പിച്ച് ഒളിവില്‍ പോവുക യായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തി വരവേ പ്രതിയെ ചൊവ്വാഴ്ച മുട്ടിക്കുളങ്ങര വെച്ചാണ് പിടികൂടിയത്. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശാനുസരണം മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടി. എസ്.സിനോജ്, ഇന്‍സ്‌പെക്ടര്‍ ബൈജു, എസ്.ഐ. സുരേഷ്, എ.എസ്.ഐ. സീന, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സാജിദ്, സി.പി.ഒ. റംഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.