നെന്മാറ: സംസ്ഥാനത്തെ മൂന്നാമത് റിസർവോയർ കൂടു മത്സ്യകൃഷിക്ക് പോത്തുണ്ടി ഡാമിൽ തുടക്കമായി. പോത്തുണ്ടി റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ ജനിതക രീതിയിൽ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു.
ശുദ്ധമായ ജലാശയങ്ങൾ ധാരാളമുള്ള ജില്ലയിൽ ഉൾനാടൻ ജലാ ശയങ്ങളിലെ മത്സ്യകൃഷിയ്ക്ക് ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു. നാലുവർഷത്തിനിടെ ജില്ലയിൽ മത്സ്യകൃഷിയുടെ വ്യാപനത്തിനായി സർക്കാർ നാല് കോടി 20 ലക്ഷം രൂപ ചെലവഴിച്ചു. ജലാശയങ്ങളെ മാലിന്യമുക്തമാക്കാൻ മത്സ്യകൃഷിക്ക് സാധിക്കും. മാലിന്യരഹിതമായ ജലാശയങ്ങളിലെ മത്സ്യത്തിന് സ്വാദ് കൂടും. ഡാമുകളിൽ നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുള്ള കൃഷിയെ അപേക്ഷിച്ച് കൂട് മത്സ്യകൃഷി കൃത്യമായ കൊയ്ത്തെടുപ്പിന് സഹായിക്കും. ദാരിദ്ര്യ വിഭാഗത്തിന് താഴെയുള്ള ജനവിഭാഗങ്ങൾക്ക് ഏറെ തൊഴിൽ സാധ്യതകൾ ഇത്തരത്തിലുള്ള പദ്ധതികൾ മുന്നോട്ട് വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യകർഷകരുടെ മക്കളെ ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് മെഡിസിൻ, എൻജിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഫിഷറീസ് വകുപ്പ് പാലക്കാട് മത്സ്യ കർഷക വികസന ഏജൻസിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 30 ലക്ഷം രൂപയുടെ പദ്ധതിപ്രകാരം പത്ത് കൂടുകളിലായി 45 ദിവസം പ്രായമായ 25,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു വർഷം കൊണ്ട് 25 ടൺ മത്സ്യം ഉത്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. പോത്തുണ്ടി എസ്.സി, എസ്.ടി. റിസർവോയർ ഫിഷറീസ് സഹകരണ സംഘം അംഗങ്ങളായ മത്സ്യത്തൊഴിലാളി കളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യും.സംസ്ഥാനത്ത് റിസർവോയർ കൂടു മത്സ്യകൃഷി ആദ്യം നടപ്പിലാക്കിയത് കണ്ണൂർ ജില്ലയിലാണ്.രണ്ടാമത്തെ മലമ്പുഴയിലും മൂന്നാമതായി പോത്തുണ്ടിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
പോത്തുണ്ടി റിസർവോയർ ഭാഗത്ത് നടന്ന പരിപാടിയിൽ കെ.ബാബു എം.എൽ.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത പരമേശ്വരൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതിയംഗം ഗീത, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കടേസപതി, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എസ്. മോഹൻലാൽ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.