ഓങ്ങല്ലൂർ :കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി മാറുക യാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വാടാനാംകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിടവും യാത്രയയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി.
സ്കൂളുകൾ ഹൈടെക് ആകുന്നതിനായി 790 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. 3500 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം വിദ്യാലയങ്ങളിൽ കഴിഞ്ഞ മൂന്നര വർഷ ത്തിനുള്ളിൽ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.എം എൽ എ, എം. പി, തദ്ദേശസ്വയഭരണ വകുപ്പ് എന്നിവയുടെ ഫണ്ടിൽ നിന്നും 5000 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് മാത്രം ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി അറിയിച്ചു. ഇത്തവണ നീതി ആയോ ഗിന്റെ തിരഞ്ഞെടുപ്പിൽ കേരളം രാജ്യത്ത് ഒന്നാമതായത് സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുന്നതിന്റെ തെളിവാണ്. ഇതുവരെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച സംസ്ഥാനവും കേരളം തന്നെയാണ്.ജൂൺ മാസത്തിനുള്ളിൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറി ആരംഭിക്കുക,2020-21 അധ്യയനവർഷത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത മാസ്റ്റർ പ്ലാൻ ഉണ്ടായിരിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മറ്റ് രണ്ട് ലക്ഷ്യങ്ങൾ. ഇതിനായി അധ്യാപകരും വിദ്യാർഥികളും മുന്നോട്ട് വരണമെന്നും മന്ത്രി ഓർമിപ്പിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പരിപാടിയിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അധ്യക്ഷനായി.ഇൗ വർഷം വിരമിക്കുന്ന പാർവതി, ഇന്ദിര, ഷീല എന്നീ അധ്യാപകരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാബിറ, ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷാർ പറമ്പിൽ, പട്ടാമ്പി ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.