മലമ്പുഴ :ആദിവാസി, പിന്നാക്ക വിഭാഗക്കാരായ മത്സ്യ കർഷകർക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ട് കേരളത്തിലെ റിസർവോയറുകളിൽ ഉൾ നാടൻ മത്സ്യകൃഷി വ്യാപിപ്പിക്കുമെന്നും റിസർവോയറുകൾക്ക് സമീപം താമസിക്കുന്നവർക്ക് അന്തസ്സായി ജീവിക്കാനുള്ള സ്ഥിര വരുമാനവും പൊതുജനങ്ങൾക്ക് പോഷകസമ്പുഷ്ടമായ മത്സ്യവും ഉറപ്പുവരുത്തുവാൻ ഉൾനാടൻ മത്സ്യകൃഷി സഹായകരമാണെന്നും ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.മലമ്പുഴ അക്വാകൾച്ചർ ട്രെയിനിങ് സെന്റർ ഉദ്ഘാടനവും കോറക്കിൾ (കൊട്ടവഞ്ചി), ബില്ലിംഗ് മെഷീൻ, ഇലക്ട്രോണിക് ത്രാസ് വിതരണവും നിർവഹി ക്കുകയായിരുന്നു മന്ത്രി.
എട്ട് ലക്ഷം ടൺ മത്സ്യമാണ് കേരളത്തിലെ മത്സ്യ ഉപഭോഗം. ഏക ദേശം രണ്ട് ലക്ഷത്തോളം ടൺ മാത്രമാണ് ഉൾനാടൻ മത്സ്യം ഉത്പാദിപ്പിക്കുന്നത്. ഉൽപാദനം വർദ്ധിപ്പിച്ചാൽ മാത്രമേ പഴക്കം ഇല്ലാത്തതും രുചികരവും പോഷക പ്രദമായ മത്സ്യം കേരളത്തിൽ ലഭ്യമാവുകയുള്ളൂ. പാലക്കാട് ജില്ലയിൽ 574 ലക്ഷം രൂപയാണ് മത്സ്യകൃഷി വ്യാപനത്തിനായി ചെലവഴിക്കുന്നത്. കർഷകർക്ക് അധികവരുമാനം ലഭിക്കുന്നതിനായി പരമാവധി കൃഷിയിട ങ്ങളിലെ കുളങ്ങളിലും മറ്റും മത്സ്യകൃഷി നടത്തുന്നതിനുള്ള പരിശീലനവും വിത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. മത്സ്യ കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉന്നത വിദ്യാഭ്യാസ ത്തിനുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനങ്ങളും സൗജന്യമായി നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വിശാലമായ മലമ്പുഴ അണക്കെട്ടിലെ വെള്ളം മത്സ്യകൃഷിക്ക് ഉപയോഗിക്കുന്നതിലൂടെ നിരവധി കുടുംബങ്ങൾക്ക് വരുമാന മാർഗ്ഗമാവും. കുടിവെള്ള വിതരണം, കൃഷിക്ക് വേണ്ടിയുള്ള ജലവിതരണം എന്നിവയെ മത്സ്യകൃഷി ഗുരുതരമായി ബാധിക്കു മെന്ന അശാസ്ത്രീയമായ പ്രചരണങ്ങൾ തള്ളിക്കളഞ്ഞ് മലമ്പുഴ യിൽ മത്സ്യകൃഷി വിജയിപ്പിക്കുവാൻ വിവിധ വകുപ്പുകളും പ്രദേശവാസികളും ഒരുമിച്ച് കൈകോർക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായി. മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് സുസ്ഥിര മത്സ്യകൃഷി, സുരക്ഷിത മത്സ്യബന്ധനം എന്നിവയിൽ പരിശീലനവും സാങ്കേതിക പരിജ്ഞാനവും ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫിഷറീസ് വകുപ്പ് പാലക്കാട് ജില്ലയിൽ ഒരേസമയം 35 പേർക്ക് ഡോർമെട്രി സൗകര്യത്തോടു കൂടി പരിശീലിപ്പിക്കുന്ന അക്വാകൾച്ചർ ട്രെയിനിങ് സെൻറർ നിർമ്മിച്ചത്.
മധ്യമേഖല ഫിഷറീസ് ജോയിൻ ഡയറക്ടർ എം എസ് സാജു, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ഷൈജ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വി രാജൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് ബെന്നി വില്യം, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും സ്ഥലം എം.എൽ.എ.യുമായ വിഎസ് അച്യുതാനന്ദന്റെ പ്രതിനിധിയായി എ. പ്രഭാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.