ചിറ്റൂര്‍: ജില്ലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ചിറ്റൂര്‍ കൊങ്ങന്‍ പട പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉത്സവ കമ്മിറ്റി ഭാരവാഹികളുടെയും വ്യാപാര വ്യവസായികളു ടെയും യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് രണ്ടിനാണ് കൊങ്ങന്‍പട നടക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും കൊങ്ങന്‍പട പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിച്ചത് ശ്രദ്ധേയമായിരുന്നു.
പ്ലാസ്റ്റിക് നിരോധനവും ഹരിത പെരുമാറ്റച്ചട്ടവും പൂര്‍ണമായും നടപ്പിലാക്കി മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായ നഗരസഭ, ഉത്സവം പൂര്‍ണമായും പെരുമാറ്റചട്ടം പാലിച്ച് ആഘോഷിക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താന്‍ ഉത്സവത്തിന് മുന്നോടി യായി വിളംബര ജാഥ നടത്തുമെന്ന് ചെയര്‍മാന്‍ കെ മധു പറഞ്ഞു. ഉത്സവത്തിന്റെ ഭാഗമായുള്ള പ്രസാദ വിതരണത്തിന് ഇല ഉപയോ ഗിക്കും. കൂടാതെ അന്നദാനം, കുടിവെള്ളവിതരണം എന്നിവയ്ക്ക് പേപ്പര്‍ കപ്പുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, സ്റ്റീല്‍ ഗ്ലാസ്സുകള്‍, പാള പാത്രങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുക. ഉത്സവ പരിസരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി കൂടകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കൂടകളും ബിന്നുകളും ഇതിനായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍ അറിയിച്ചു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാദിഖലി, കൗണ്‍സിലര്‍മാരായ മുകേഷ്, ശശിധരന്‍, നഗരസഭാ സൂപ്രണ്ട് വി. നന്ദകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ആര്‍ വാസു, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.