മണ്ണാര്‍ക്കാട്:തച്ചമ്പാറ പഞ്ചായത്തിലെ മലയോരമേഖലയില്‍ നിന്നും പിടിയിലായ രണ്ടാമത്തെ പുലിയെയും ഉള്‍വനത്തില്‍ തുറന്നുവിട്ടതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.മാച്ചാംതോട് ചെന്തണ്ടില്‍ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട അഞ്ചു വയസ്സു ള്ള ആണ്‍പുലിയെ ശിരുവാണി കേരളാമേട് ഭാഗത്തെ ഉള്‍വനത്തിലാണ് വിട്ടത്.മണ്ണാര് ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ ഇ.ഇമ്രോസ് ഏലിയാസ് നവാസ് എന്നിവരുടെ നിര്‍ദേശാനുസരണം,പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ്, മണ്ണാര്‍ക്കാട് ആര്.ആര്.ടി. ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.മോഹനകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞമാസം വാക്കോടന്ഭാഗത്ത് നിന്നും പിടികൂടിയ പെണ്‍പുലിയേയും കേരള മേടിലാണ് തുറന്നുവിട്ടത്.വാക്കോടന്മലയുടെ മറ്റൊരുവശമായ ചെന്തണ്ടില്‍ കഴിഞ്ഞദിവസമാണ് വന്യമൃഗം കാളക്കുട്ടിയെ കൊന്നുതിന്നത്.ഇതേതുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം വനംവകുപ്പ് കൂടുസ്ഥാപിക്കുകയായിരുന്നു.ദേശീയ കടുവാസംരക്ഷണ അതോറിറ്റി കമ്മിറ്റി യോഗം ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
വെള്ളിയാഴ്ച നിലമ്പൂരില്‍ നിന്നുമെത്തിച്ച കൂട് ചെന്തണ്ടില്‍ സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തില്‍ വൈകിട്ടോടെ സ്ഥാപിച്ചു.നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പുലി കൂട്ടിലായി.ശനിയാഴ്ച രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് കൂട്ടില്പുലിയെ കണ്ടത്.വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഇ.ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പുലിയെ കൂടുസഹിതം മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി.
ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പുലി പൂര്‍ണ ആരോഗ്യവനാണെന്ന് സ്ഥിരീകരിച്ചു.ദേഹത്ത് പരിക്കോ മറ്റോ ഉണ്ടായിരുന്നില്ല.മണിക്കൂറുകളോളം നിരീക്ഷിച്ചശേഷമാണ് അര്‍ധരാത്രിയോടെയാണ് പുലിയെ വനത്തില്‍ വിടുന്നതിനായി കൊണ്ടുപോയത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.പുലിഭീതി നിലനില്‍ക്കുന്ന ചെന്തണ്ട് ഭാഗത്ത് വനംവകുപ്പിന്റെ ജാഗ്രതാ നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
