പാലക്കാട്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ആരാധനാലയങ്ങളിലെ ഭാര വാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ ആരാധനാലയങ്ങളിലെ പ്രതിനിധികൾക്ക് ഡോ. ജയന്തി കൊറോണ രോഗം സംബന്ധിച്ചും പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. കൂടുതൽ പേർ ഒരുമിച്ച് വരാൻ സാധ്യതയുള്ള ഇടം എന്നതിനാൽ ആരാധാനാലയങ്ങളിലേക്ക് എത്തുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണം രോഗലക്ഷ ണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ആരാധനാലയങ്ങളിൽ പൊതുവായുള്ള ജലസ്രോതസ്സുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. കച്ചവടത്തിനും മറ്റാവശ്യങ്ങൾക്കുമായി ചൈനയിലോ മറ്റു രാജ്യങ്ങളിലോ പോയി വരുന്നവരോട് കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടണമെന്നും ദീർഘ യാത്രകൾ ഒഴിവാക്ക ണമെന്നും നിർദ്ദേശം നൽകി.
സബ് കളക്ടർ ചേതൻ കുമാർ മീണ, എ ഡി എം ടി.വിജയൻ, ഡി എം ഒ ഡോ. റീത്ത, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. നാസർ, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ നടക്കുന്ന പ്രധാന ഉത്സവകമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.