കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ 151 പേർ വീടുകളിലും മൂന്നു പേർ ജില്ലാ ആശുപത്രി യിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തി ലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത അറിയിച്ചു. ഇതുവരെ 14 സാമ്പിളുകളാണ് എൻ.ഐ. വിയിലേക്ക് പരിശോധന യ്ക്കായി നൽകിയിട്ടുള്ളത്, പരിശോധനാഫലം വന്ന 10 എണ്ണവും നെഗറ്റീവാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില യിൽ ആശങ്ക വേണ്ടെന്നും ചൈനയിൽ നിന്ന് വരുന്ന ആളുകളുടെ വിവരങ്ങൾ വിവിധ വകുപ്പുകളുടെ സഹായത്തോടെ ശേഖരിച്ചു വരുന്നതായും ഡി.എം.ഒ. അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് ജില്ലയിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരു ന്നുണ്ട്.ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. കുടുംബശ്രീ മിഷനുമായി സഹകരിച്ച് ജില്ലയിലെ എല്ലാ സി.ഡി.എസ്.ഘടകങ്ങളുടെയും ചെയർപേഴ്സൺമാർക്ക് ബോധവൽക്കരണം നൽകുകയുണ്ടായി.. അധ്യാപകർക്കായുള്ള ബോധവത്ക്കരണ പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നതായും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങളിൽ അടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യേക ക്ലാസ് പി.ടി.എ. സംഘടിപ്പിക്കുമെന്നും ഡി.എം.ഒ. അറിയിച്ചു.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ ചേബറിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരു ടേയും യോഗം ചേർന്നു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും നിരീക്ഷണം ശക്തമായി തുടരുന്നതായി യോഗം വിലയിരുത്തി.