ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘സ്‌നേഹ നനവ്’ സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സമന്വയ പാലിയേറ്റീവ് സെക്കന്‍ഡറി യൂണിറ്റും പ്രൈമറി യൂണിറ്റുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ച ശില്പശാല ചിത്രകാരനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പരിധിയിലെ വിവിധ പ്രൈമറി യൂണിറ്റുകളില്‍ ക്യാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരാണ് പ്രാധാനമായും ശില്പശാലയില്‍ പങ്കെടുത്തത്. പരിപാടിയില്‍ ബ്ലോക്ക്തല പാലിയേറ്റീവ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സമന്വയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയില്‍ പാലിയേറ്റീവ് രംഗത്ത് മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് വെള്ളിനേഴി പഞ്ചായത്തും ജനപ്രതിനിധിക്കുള്ള അവാര്‍ഡ് കാരാക്കുര്‍ശ്ശി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബേബി ചന്ദ്രനും മികച്ച പാലിയേറ്റീവ് നഴ്‌സ് കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോഭാ കുമാരി, ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീകൃഷ്ണപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.ധന്യ, സന്നദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കുലുക്കിലിയാട് യുവചേതന പാലിയേറ്റീവ് ക്ലബ്ബംഗം പി.കുട്ടന്‍ എന്നിവര്‍ക്ക് നല്‍കി ആദരിച്ചു. പങ്കെടുത്ത മുഴുവന്‍ രോഗബാധിതര്‍ക്കും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 140 അംഗന്‍വാടികളില്‍ നിന്നുള്ള ജീവനക്കാര്‍ നല്‍കിയ പലവ്യഞ്ജനങ്ങളടങ്ങിയ സ്‌നേഹ ബക്കറ്റുകളും വിതരണം ചെയ്തു.
ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. കാരാക്കുര്‍ശ്ശി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എ.അസ്മാബി പ്രചോദക പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.