പാലക്കാട് : വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം എല്ലാവരുടേയും അവകാശമാണ്. ഗുണമേന്മയുള്ള വസ്തുക്കള്‍ കൊണ്ട് പാചകം ചെയ്താല്‍ മാത്രം ഗുണമേന്മയുള്ള ഭക്ഷണം ആകില്ല, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന പരിസരം, താപനില, പുനരുപയോഗത്തിന്റെ ക്രമങ്ങള്‍ എന്നിവ കൂടി കൃത്യം ആയാലേ ഭക്ഷണം ആരോഗ്യകരമാക്കൂ. വൃത്തിയുള്ളതും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ച് ഹോട്ടല്‍, കാറ്ററിംഗ്, ബേക്കറി മേഖലയിലെ ഉടമകള്‍ ജീവനക്കാര്‍ എന്നി വര്‍ക്ക് നല്‍കിയ ഭക്ഷ്യ സുരക്ഷാ സെമിനാറിലാണ് ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഭക്ഷണ ത്തില്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കുകയും ഉപ്പ് പരമാവധി കുറയ്ക്കുകയും ചെയ്താല്‍ കുറെയേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. വറുക്കുന്നതിനും പൊരിക്കുന്ന തിനുമായി നാം ഉപയോഗിക്കുന്ന എണ്ണ അണ്‍സാച്ചുറേറ്റഡ് ആയിരിക്കണം. എണ്ണയുടെ കവറിന് പുറത്ത് ഇത്തരത്തില്‍ എഴുതിയ എണ്ണ മാത്രമാണ് ഉപയോഗയോഗ്യമായത്. മറ്റുള്ളവ ഹാനികരമാണ്. ഒന്നരമണിക്കൂര്‍ മാത്രമാണ് എണ്ണ തുടര്‍ച്ചയായി ഉപയോഗിക്കാനാവുക. ഈ എണ്ണ അരിച്ചെടുത്ത് 24 മണിക്കൂറിനകം ഉപയോഗിക്കാം. അതിനുശേഷം ഉപയോഗിക്കുന്നത് വിഷമയ മായിരിക്കും ഹൃദയാഘാതം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. കൂടാതെ ഫ്രിഡ്ജില്‍ വെക്കുന്ന ഭക്ഷണ സാധനങ്ങള്‍ 24 മണിക്കൂറില്‍ അധികം സൂക്ഷിച്ചു വെയ്ക്കുകയോ ഉപയോഗി ക്കുകയോ ചെയ്യാന്‍ പാടില്ല. ഹോട്ടലുകള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണമെന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്താല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ക്ലാസ് ഓര്‍മിപ്പിച്ചു. ഫോസ്ടാക് ( ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍) പരിശീലകനായ എ. ആര്‍ നാരായണനാണ് ഹോട്ടലുടമകള്‍ക്കും ജീവനക്കാര്‍ക്കും ക്ലാസ്സെടുത്തത്.ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് സുരക്ഷിത ആഹാരം ആരോഗ്യത്തിന് എന്ന പരിപാടിയുടെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചത്. ഐ എം എ ഹാളില്‍ നടന്ന ഭക്ഷ്യസുരക്ഷാ സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോക്ടര്‍.കെ.പി.റീത്ത ഉദ്ഘാടനം ചെയ്തു.
ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 2020 നുള്ളില്‍ ഫോസ്ടാക്കിന്റെ ട്രെയ്‌നിങ് പൂര്‍ത്തിയാക്കിയിരിക്കണം. പരിശീലനം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2020 ന് ശേഷം പ്രവര്‍ത്തിക്കാനാവില്ല. കൂടാതെ സ്ഥാപനം നടത്തുന്നവര്‍ ഒരു എംബിബിഎസ് ഡോക്ടറില്‍ നിന്നും ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം.
ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായം കണ്ടുപിടിക്കുന്നതിനുള്ള ലളിതമായ രീതികള്‍, രുചി കൂട്ടാന്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന വസ്തുക്കളുടെ അനുവദനീയമായ അളവ്, ഫ്രീസര്‍, ഫ്രിഡ്ജ് എന്നിവയില്‍ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സെമിനാറില്‍ വിശദീകരിച്ചു.
ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവത്ക്കരണത്തിന്റെ ജില്ലയിലെ ആദ്യ സെമിനാറാണ് സംഘടിപ്പിച്ചത്. ക്യാമ്പയിനില്‍ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രമേശ്, ആര്‍ദ്രം കോര്‍ഡിനേറ്റര്‍മാരായ ഡോക്ടര്‍. അനൂപ് കുമാര്‍, ഡോക്ടര്‍ വി.ജി അനൂപ്, ജില്ലാ ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ നന്ദന്‍, പാലക്കാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.
