പാലക്കാട് :മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണ മെന്നും  നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും പാല ക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. മഴക്കാലക്കെടുതി നേരിടുന്നതിനായി  വൈദ്യുതി വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എന്തെങ്കിലും കാരണത്താല്‍ ജീവനക്കാര്‍ക്ക് കുറവു സംഭവിക്കുന്ന പക്ഷം വൈദ്യുതമേഖലയി ലെ  ഓരോ സെക്ഷനിലും മുന്‍പരിചയമുള്ളവര്‍ അടങ്ങിയ (വിര മിച്ചവര്‍ ഉള്‍പ്പെടെ)  സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഈ സംഘം പവര്‍ ബ്രിഗേഡര്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുക. ഇതിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഇന്‍സിഡന്റല്‍ കമാന്‍ഡറായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

മുന്‍കരുതലുകളുടെ ഭാഗമായി ജില്ലയിലെ എല്ലാ സെക്ഷന്‍ പരിധി യിലും വൈദ്യുതി ലൈനിലേക്ക് അപകടകരമായ വിധത്തില്‍ ചാഞ്ഞു നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ ജൂണ്‍ പകുതിയോടെ തന്നെ മുറിച്ചു മാറ്റിയിരുന്നു. മഴക്കെടുതി നേരിടാന്‍ സര്‍ക്കിള്‍ തലത്തില്‍ ദ്രുത പ്രതികരണ വിഭാഗം (ക്വിക്ക് റെസ്‌പോണ്‍സ് ടീം) രൂപീകരി ച്ചിട്ടുണ്ട്. ജില്ലയില്‍ പാലക്കാട്, ഷൊര്‍ണ്ണൂര്‍ സര്‍ക്കിളുകളിലായി 30 പേരടങ്ങിയ രണ്ട് സംഘങ്ങളാണുള്ളത്. കമ്പികള്‍ പൊട്ടിവീഴുന്നത് ഒഴിവാക്കുന്നതിനായി സ്‌പേസറുകള്‍ സ്ഥാപിച്ചു വരുന്നു. ബന്ധപ്പെ ട്ട സര്‍ക്കിള്‍ പരിധിയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ലൈനുകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുന്ന പ്രവൃത്തിയും നടക്കു ന്നുണ്ട്.

കൂടാതെ അടിയന്തര ആവശ്യം മുന്‍നിര്‍ത്തി പാലക്കാട് സ്റ്റോറില്‍ 10 ട്രാന്‍സ്‌ഫോര്‍മറുകള്‍ കരുതിയിട്ടുള്ളതായും കോവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

വീടുകളില്‍ വെള്ളം കയറിയാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

* സര്‍വ്വീസ് വയര്‍ / ലൈന്‍ കമ്പി പൊട്ടിക്കിടക്കുകയോ വെള്ളത്തില്‍ താഴ്ന്ന് കിടക്കുകയോ ചെയ്താല്‍ അതില്‍ സ്പര്‍ശിക്കാതെ ഉടന്‍തന്നെ അടുത്തുള്ള സെക്ഷന്‍ ഓഫീസിലും 9496061061  എന്ന നമ്പരിലും വിളിച്ചറിയിക്കണം.

* മീറ്റര്‍ ബോക്‌സില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ വൈദ്യുതി ജീവനക്കാരുടെ സേവനം ആവശ്യപ്പെടണം. പാദരക്ഷകള്‍ ധരിച്ച് മീറ്ററിനോട് ചേര്‍ന്നുള്ള ഫ്യൂസുകള്‍ ഊരിമാറ്റി മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം.

* ഇന്‍വെര്‍ട്ടര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്വിച്ച് ഓഫ് ചെയ്യുക.

* വീടുകളിലെ എര്‍ത്ത് പൈപ്പ് ഇളകിയിട്ടില്ലെന്നും അതിലേക്ക് എര്‍ത്ത് വയര്‍ കൃത്യമായി ഘടിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.

* വൈദ്യുതി പാനലുകളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അംഗീകൃത വയര്‍മാന്റെ സേവനം ഉപയോഗിക്കേണ്ടതാണ്.

* താത്ക്കാലിക വയറിംഗ്, പ്ലഗ്ഗില്‍ ഘടിപ്പിച്ചിട്ടുള്ള മറ്റു വൈദ്യുതോപകരണങ്ങള്‍ ( ഫ്രിഡ്ജ്, ടി.വി, മിക്‌സി ) എന്നിവയില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍ പ്ലഗ്ഗില്‍ നിന്നും ഊരിമാറ്റി ടെക്‌നീഷ്യന്റെ സഹായത്തോടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തേണ്ടതാണ്.

* വിവിധ സര്‍ക്യൂട്ടിലേക്കുള്ള എം.സി.ബി അഥവാ ഫ്യൂസ് എന്നിവ ഓഫാക്കിയതിനു ശേഷം മാത്രമേ മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യാവൂ.

*വൈദ്യുതി പുന:സ്ഥാപിച്ച ശേഷം പ്ലാസ്റ്റിക് കരിയുന്ന മണമോ വയറിംഗില്‍ നിന്നും പുകയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ മെയിന്‍ സ്വിച്ച് ഓഫാക്കുക.

മഴക്കാലക്കെടുതി നേരിടാന്‍ പൊതുജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ അടങ്ങിയ  ലഘുരേഖകള്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്, മീറ്റര്‍ റീഡര്‍ മുഖേന വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!