അഗളി: വിരമിക്കും മുന്‍പ് അതീവ വംശനാശഭീഷണി നേരിടുന്ന ഇനത്തില്‍പ്പെട്ട കുളവെട്ടി (സൈസീജിയം ട്രാവന് കോറിക്കം) മരത്തിന്റെ തൈകള്‍ക്ക് നട്ടുപിടിപ്പിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍. ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഭവാനി റെയിഞ്ച് ഓഫിസര്‍ എന്‍. ഗണേശനാണ് സഹപ്രവര്‍ത്തകരോടൊത്ത് മുക്കാലി വനം ഓഫിസ് പരിസരത്ത് ഈ അപൂര്‍വ ഔഷധവൃക്ഷത്തിന്റെ തൈകള്‍ നട്ടുപിടിപ്പിച്ചത്. ലോകത്താകെ മുന്നൂറോളം കുളവെട്ടി മരങ്ങള്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. 29 വര്‍ഷത്തെ സര്‍വീസിന്റെ സൂചകമായി വൈയങ്കത, ഇലിപ്പ, ആനത്തൊണ്ടി, പൂവരശ്, മുള്ളിലം, രക്ത ചന്ദനം, കരിമരം, കടുക്ക എന്നിവ അടക്കമുള്ള 29 മരതൈകളാണ് നട്ടത്. പരിസ്ഥിതി പ്രവര്ത്തകന് ബാലകൃഷ്ണന് ആനമങ്ങാടി ന്റെ നേതൃത്വത്തിലാണ് തൈകള്‍ നട്ടത്. വനമിത്ര പുരസ്ക്കാര ജേതാവ് ഗിരിജ ബാലകൃഷ്ണന് അധ്യക്ഷയായി. വനം വകുപ്പ് ജീവനക്കാരായ എം.അയ്യപ്പന്, കെ.വിനൂപ്, ആര്.രഞ്ജിത്ത്, ഐ.അബിക, കെ.എ ദീപ, കെ.ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
