അഗളി: തദ്ദേശതെരഞ്ഞെടുപ്പിനോടുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അട്ടപ്പാടി മലനിരകളില്‍ ഉള്‍വനത്തില്‍ നടത്തിയ പരിശോധനയില്‍ 1,682 കഞ്ചാവുചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. നാല് തോട്ടങ്ങളിലായി നട്ടുപരിപാലിച്ചുവന്നിരുന്ന നാല് മുതല്‍ അഞ്ച് മാസം വരെ പ്രായമുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. അഗളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇഹ്ലാസ് അലിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടന്നത്. പ്രീവന്റീവ് ഓഫിസര്‍ ജെ.ആര് അജിത്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പ്രദീപ്, ലക്ഷ്മണന്, ഭോജന് എന്നിവരും പങ്കെടുത്തു.അഗളി എക്സൈസ് റെയ്ഞ്ച് ഓഫിസിന്റെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ ഈ മേഖലകളില്‍ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
