അദാലത്തില്‍ ലഭിച്ചത് 48 പരാതികള്‍
അഗളി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി മേഖലയുടെ സമഗ്ര വികസനത്തിനായി രൂപകല്‍പ്പന ചെയ്ത തുണൈ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തി. അദാലത്തില്‍ 48 പരാതികള്‍ ലഭിച്ചു. പരാതി പരിഹരിക്കാനായുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അദാലത്തിന് ശേഷം അട്ടപ്പാടിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗവും ചേര്‍ന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ഓരോ മാസവും ബന്ധപ്പെട്ട ഓരോ ഗ്രാമപഞ്ചായത്തുകളില്‍ നേരിട്ടെത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ജനപ്രതിനിധികളുടെ പങ്കാളിത്തതോടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തുണൈ അദാലത്ത് നടത്തുന്നത്.പുതൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അദാലത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര് ) എസ്.എസ് അല്ഫ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്) എസ്. ശ്രീജിത്ത്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുഗന്, അഗളി ,ഷോളയൂര്‍, പുതൂര്‍ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജില്ലാ തല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
