പാലക്കാട് : എസ്.ഐ.ആര് 2025മായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പരിശീലനം നല്കി. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. എസ്.ഐ.ആര് നടത്തുന്നതിന്റെ പ്രായോ ഗികതയും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെയും കുറിച്ച് ജില്ലാ കലക്ടര്‍ യോഗത്തില്‍ സംസാരിച്ചു. എസ്.ഐ.ആര്മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെയും ചുമതലകള്‍ സംബന്ധിച്ചും ബി.എല്‍.ഒമാര്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെയും കുറിച്ചും ജില്ലാ ഇലക്ഷന് അസിസ്റ്റന്റ് പി.എ ടോംസ് ക്ലാസ് എടുത്തു. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും എസ്.ഐ.ആര്. പ്രക്രിയയെ കുറിച്ചുള്ള പരിശീലനം ഒക്ടോബര്‍ 31 നകം ഇ.ആര്.ഒമാര്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. എല്ലാ ബൂത്ത് ലെവല്‍ ഓഫിസര്‍മാരും എസ്.ഐ.ആര്. നടത്തിപ്പിന് മുന്നോടിയായി ബൂത്ത് ലെവല്‍ ഏജന്റുമാരുടെ യോഗം ചേരണം. എല്ലാ ഇ.ആര്.ഒമാരും അതത് മണ്ഡലങ്ങളിലെ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിച്ച് സംശയനിവാരണം നടത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അഞ്ജീത് സിംഗ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, മറ്റ് ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
