എടത്തനാട്ടുകര: അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര ആലുംകുന്ന് സ്വദേശി പുത്തന്‍വീട്ടില്‍ അഭിലാഷിനും കുടുംബത്തിനും വീടൊരുങ്ങുന്നു.
സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ കഷ്ടപ്പാടിലായിരുന്നു കുടുംബം. സാമൂ ഹിക ജീവകാരുണ്യ പ്രവര്ത്തകന് പാറോക്കോട്ട് കുഞ്ഞമ്മുവിന്റെ നേതൃത്വത്തില്‍ എടത്തനാട്ടുകര ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും നാലുകണ്ടം പി.കെ. എച്ച്എം.ഒ. യു.പി. സ്കൂളിന്റെയും മറ്റ് സുമനസ്സുകളുടെയും സഹായത്തോടുകൂടി ആലുംകുന്നില്‍ മൂന്നു സെന്റ് ഭൂമി വാങ്ങി നല്കി. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബത്തിന് ലൈഫ് ഭവന പദ്ധതിയില്‍ വീടും അനുവദിച്ചു. ഇതോടെ സുരക്ഷിതമായ വീടെന്ന സ്വപ്നത്തിലേക്കുള്ള ദൂരവും കുറഞ്ഞു. കഴിഞ്ഞദിവസം ആധാരകൈമാറ്റവും വീടിന്റെ കുറ്റിയടിക്കല്കര്മവും നടത്തി.
ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷ എം.ജിഷ കുറ്റിയടിക്കല്‍ നിര്‍വഹിച്ചു. കുഞ്ഞമ്മു പാറോകോട്ടില് അധ്യക്ഷനായി. എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ സെക്രട്ടറി റഫീക്ക് കൊടക്കാടന്‍, എടത്താട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എം.ജിനേഷ്, വ്യാപാരി വ്യവസായി പ്രതിനിധി മുഫീന ഏന, നസീര്‍ബാബു പൂതാനി, സഫര്‍ കാപ്പുങ്ങള്‍, ടി.പി നൂറുദ്ദീന്‍, ഷൗക്കത്ത് കാപ്പുപറമ്പ്, പി.നൗഷാദ്, ഷാജഹാന് പാറോക്കോട്, ഷമീം കരുവള്ളി, ടി.കെ മുസ്തഫ, ജമാല്‍ യഹിയ, സുരേഷ്, മറ്റ് ജീവകാരുണ്യ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മിക്കുന്ന വീടിന്റെ പൂര്‍ത്തീകരണത്തിന് സുമനസ്സുകളുടെ സഹായവുമുണ്ടാകുമെന്ന വാഗ്ദാനവും നല്കി.
