പാലക്കാട് : ബഡ്സ് നിയമം-2019 (Banning of Unregulated Deposit Schemes Act, 2019) പ്രകാരം പോപ്പുലർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെയും കുറ്റാരോപിതരുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിക്കൊണ്ട് പാലക്കാട് ജില്ലാ കളക്ടറും അസിസ്റ്റന്റ് കോംപീറ്റന്റ് അതോറിറ്റിയുമായ മാധവിക്കുട്ടി എം.എസ്. ഉത്തരവിട്ടു. സ്ഥാപനത്തിൻ്റെ ജില്ലയിലെ പാലക്കാട്, മണ്ണാർക്കാട് എന്നീ താലൂക്കുകളിലെ ബ്രാഞ്ചുകളിൽ നിന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, കാലാവധി കഴിഞ്ഞിട്ടും മുതലോ, പലിശയോ, വാഗ്ദാനം ചെയ്തിട്ടുള്ള തുകയോ നിക്ഷേപകർക്ക് നൽകാതെ കബളിപ്പിച്ചതായുള്ള പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പല ജില്ലകളിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിൻ്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനും, സ്ഥാപനത്തിൻ്റെ/കുറ്റാരോപിതരുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതിനും കോംപീറ്റന്റ് അതോറിറ്റി (ഗവൺമെൻറ് സെക്രട്ടറി) നേരത്തെ നിർദ്ദേശം നൽകി യിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
