മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വീടുകളില്‍ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകള്‍ക്ക് കെട്ടിട നികുതിയി ല്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനു മതി നല്കി സര്‍ക്കാര്‍ ഉത്തരവായി. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കു ന്നതിന്റെ ഭാഗമായാണിത്.’മാലിന്യമുക്തം നവകേരളം’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാ ണ് ഈ തീരുമാനം.
ശുചിത്വ മിഷന് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്കരണ ഉപാധി കള്‍ സ്ഥാപിച്ചിട്ടുള്ള വീടുകള്‍ക്കാണ് ഇളവ് ലഭിക്കുക.
വെര്‍മി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മണ്‍കല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റല്‍ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിന്‍ കമ്പോസ്റ്റിംഗ്, പോര്‍ട്ടബിള്‍ ഗാര്‍ഹികതല ബയോബിന്‍ യൂണിറ്റ്, പോര്‍ട്ടബിള്‍ ബയോഗ്യാസ് യൂണിറ്റ്, മിനി ബയോ പെഡസ്റ്റല്‍ യൂണിറ്റ്, പോര്‍ട്ടബിള്‍ എച്ച്ഡിപിഇ/ബക്കറ്റ് കംപോസ്റ്റ് യൂണിറ്റ്, കുഴിക്കമ്പോസ്റ്റ് യൂണിറ്റ്, പൈപ് കംപോസ്റ്റിങ്, ജി ബിന്‍ 3 ബിന്‍ സിസ്റ്റം, ജി ബിന്‍ 2 ബിന്‍ സിസ്റ്റം, വി കംപോസ്റ്റര്‍, സ്മാര്‍ട്ട് ബയോബിന്‍, ബൊക്കാഷി ബക്കറ്റ്, വെര്‍മിയോണ്‍ കിച്ചന് വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്, കിച്ചന് വേസ്റ്റ് ഡൈജസ്റ്റര്‍, ഓര്‍ഗാനിക് കംപോസ്റ്റിങ് ബിന്‍, കൊതുകു ശല്യമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് ശുചിത്വമിഷന് അംഗീകരിച്ച ഉറവിട മാലിന്യ സംസ്കരണ ഉപാധികള്‍.
നികുതി ഇളവിനായി വീട്ടുടമകള്‍ ഹരിത മിത്രം അല്ലെങ്കില്‍ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ഒരു ഡിക്ലറേഷന്‍ സഹിതം അപേക്ഷ നല്‍കണം. വാര്‍ഡ് ചുമതലയുള്ള തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥന്, ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവിന് പരിഗണിക്കുക. പ്രസ്തുത ലിസ്റ്റ് ഗ്രാമസഭയിലും സമര്‍പ്പിക്കും.
നികുതി ഇളവിന് ഒരു വര്‍ഷത്തേക്കാണ് പ്രാബല്യം ഉണ്ടാവുക. തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ ഹരിതമിത്രം ആപ്ലിക്കേഷനിലെ പ്രവര്‍ത്തന സ്റ്റാറ്റസ് ഓണ്‍ലൈനായി പരിശോധിച്ച് ഇളവ് നല്കാവുന്നാതണെന്ന് ഉത്തരവില്‍ പറയുന്നു.
