മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കുന്നു. ‘വിദ്യാര്‍ഥി ഹരിത സേന സ്കോളര്‍ഷിപ്പ്-ഇക്കോ സെന്‍സ്’ എന്ന പേരിലുള്ള വാര്‍ഷിക സ്കോ ളര്‍ഷിപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ശുചിത്വമിഷന് എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്. മാലിന്യ പരിപാലനത്തില്‍ നൂതന ചിന്തയും താല്‍പ്പര്യവുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം. ശാസ്ത്രീയ പാഴ്വസ്തു പരിപാലനം, ഹരിത നൈപുണ്യം വികസിപ്പിക്കല്‍, പ്രാദേശിക മാലിന്യ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തല്‍, പാഴ് വസ്തുക്കളുടെ അളവ് കുറയ്ക്കല്‍ തുടങ്ങിയവയാണ് സ്കോളര്ഷി പ്പിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്കാരവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്നതും പ്രധാന ലക്ഷ്യങ്ങളാണ്.
‘പാഴ്വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയില്‍ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 5 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്ത കങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് സ്കോളര്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 1500 രൂപ സ്കോളര്‍ഷിപ്പ് തുകയും പ്രശസ്തി പത്രവും നല്‍കും. യു.പി. വിഭാഗത്തില്‍ 6,7 ക്ലാസുകളിലെയും ഹൈസ്കൂള്‍ വിഭാഗത്തി ല്‍ 8, 9 ക്ലാസുകളിലെയും ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കോളര്‍ഷിപ്പ് നല്‍കുക.ഗ്രാമപഞ്ചായത്തുകളില്‍ 50 വിദ്യാര്‍ഥികള്‍ ക്കും മുന്‍സിപ്പാലിറ്റികളില്‍ 75 വിദ്യാര്‍ഥികള്‍ക്കും കോര്‍പ്പറേഷനുകളില്‍ 100 വിദ്യാര് ഥികള്ക്കുമാണ് അര്‍ഹത.
ഓരോ വിദ്യാലയത്തില്‍ നിന്നും ചുരുങ്ങിയത് രണ്ട് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല് കും. ഓരോ തദ്ദേശ സ്ഥാപനത്തില്‍ നിന്നും നല്കുന്ന ആകെ സ്കോളര്‍ഷിപ്പില്‍ 40% യു.പി. വിഭാഗത്തിനും 30% ഹൈസ്കൂളിനും 30% ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമായി മാറ്റിവെക്കും. ഇതിനുള്ള തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നോ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടോ വിനിയോഗിക്കാം. നവംബര്‍ 14-ന് വിദ്യാലയ ത്തില്‍ ചേരുന്ന കുട്ടികളുടെ ഹരിതസഭയില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കും.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വ്യക്തി ഗതവും ഗ്രൂപ്പുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതുണ്ട്. സ്കോളര്‍ഷിപ്പിന് അര് ഹരായ വിദ്യാര്‍ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും പങ്കു വെക്കുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ‘ശുചിത്വ പഠനോ ത്സവം’ സംഘടിപ്പിക്കും. സെമിനാറുകള്‍, മുഖാമുഖ ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വരുന്ന ജനുവരി 26നാണ് ശുചിത്വ പഠനോത്സവം നടക്കേണ്ടത്. കൂടാതെ, മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാലയങ്ങള്‍ക്ക് പുരസ്കാരവും നല്‍കും.
