മലപ്പുറം: ആമിനയും യശോദയും രാധയും ദാക്ഷായണിയുമെല്ലാം രാവിലെ 10 മണി യോടെ ഡേ കെയറിലെത്തും. ഒരേ പ്രായക്കാരായ ഇവരെല്ലാം ഒരുമിച്ചിരുന്ന് കുറേ സംസാരിക്കും. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറയും. 11 മണി കഴിയുമ്പോള്‍ എല്ലാവരും ചായയും പലഹാരവുമുണ്ടാക്കി കഴിക്കും. ടി.വി. കാണും. പാട്ടുകള്‍ പാടും. പത്രം വായനയുമുണ്ട്. ഉച്ചഭക്ഷണം കഴിച്ച് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങും. തിങ്കള്‍ മുതല്‍ വെള്ളി വരെ ഇതാണ് അവരുടെ പകല്‍ ജീവിതം.
മൂന്നു വയസു കഴിഞ്ഞ കുഞ്ഞുങ്ങള്‍ അങ്കണവാടികളില്‍ പോകുന്നതു പോലെ അറുപതു കഴിഞ്ഞവര്‍ക്ക് സമപ്രായക്കാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമായി സാമൂഹ്യ നീതി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൈ കോര്‍ത്ത് നടത്തുന്ന പദ്ധതിയാണ് സായംപ്രഭ ഹോമുകള്‍. സംസ്ഥാനത്താകെ 92 സായംപ്രഭ വീടുകള്‍ ആണ് സജ്ജമായിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ ഉള്ളത് മലപ്പുറത്താണ്-12 എണ്ണം.
ഒറ്റപ്പെട്ടു താമസിക്കുന്നവര്‍, മാനസിക പ്രയാസമനുഭവിക്കുന്നവര്‍, സംസാരിക്കാര് ആരുമില്ലാത്തവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ജീവിതത്തിന്റെ സായംകാലത്ത് ഒരുമിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ഇടമാണ് സായംപ്രഭ ഹോമുകള്‍. മക്കളില്ലാത്തവര്‍, മക്കളും മരുമക്കളും ജോലിക്ക് പോകുമ്പോള്‍ തനിച്ചാകുന്നവര്‍ തുടങ്ങി പലരും സായംപ്രഭ ഹോമുകളില്‍ വരുന്നുണ്ട്. മുതിര്‍ന്ന പൗരരോടുള്ള ഭരണകൂടത്തിന്റെ കരുതലും അവര്‍ക്കാവശ്യമായ മാനസിക പിന്തുണയും ഭൗതിക സാഹചര്യവുമൊരുക്കുക എന്നതാണ് സായംപ്രഭ കൊണ്ട് ഉദ്ദേശിക്കുന്നത്. സമപ്രായക്കാരുമായി ഇടപഴകാന്‍ അവസരം കിട്ടുന്നതിലൂടെ മുതിര്‍ന്ന വ്യക്തികളുടെ സാമൂഹ്യബന്ധങ്ങള്‍ ശക്തമാവുകയും ഒറ്റപ്പെടലിന് പരിഹാരമാകുകയും ചെയ്യും.
കൗണ്‍സിലിങ്, യോഗ, ഫിസിയോ തെറാപ്പി, മെഡിറ്റേഷന്‍, വൈദ്യപരിശോധന, പോഷകാഹാരക്കുറവുള്ളവര്‍ക്ക് ഭക്ഷണം, മാനസികോല്ലാസത്തിനുള്ള ഉപാധികള്‍, ശാരീരിക-മാനസിക ആരോഗ്യപരിപാലനം എന്നിവയ്ക്ക് പുറമെ വയോജന സംരക്ഷണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍, മന:ശാസ്ത്രജ്ഞര്‍, പൊലീസ് എന്നിവരുടെ ക്ലാസുകളും നല്‍കാറുണ്ട്. ഇടയ്ക്ക് ഒരുമിച്ച് വിനോദ യാത്രകളുമുണ്ടാകും. ടെലിവിഷന്‍, കാരംസ്, ചെസ്സ് തുടങ്ങിയ കളികളുമുണ്ട്.
മലപ്പുറം ജില്ലയില്‍ അമരമ്പലം, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, മഞ്ചേരി, പൂക്കോട്ടൂര്‍, പേരൂര്‍, മലപ്പുറം നഗരസഭയിലെ മേല്‍മുറി, തൃപ്രങ്ങോട്, പള്ളിക്കല്‍, വേങ്ങര, നിലമ്പൂര്‍ എന്നിങ്ങനെ 12 സായംപ്രഭാവീടുകളുണ്ട്. മലപ്പുറം നഗരസഭയ്ക്ക് കീഴില്‍ മേല്‍ മറി വടക്കേപ്പുറത്തുള്ള സായംപ്രഭാകേന്ദ്രം എയര്‍കണ്ടീഷന്‍ ചെയ്ത് അത്യാധുനിക രീതിയില്‍ സൗകര്യങ്ങളോടെ സജ്ജീകരിച്ചതാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായി എയര്‍ കണ്ടീഷന്‍ ചെയ്ത് വിവിധ സൗകര്യങ്ങളോടെ ഒരുക്കിയ ആദ്യത്തെ സായംപ്രഭ വീടാണിത്. വിശാലമായ ഹാള്‍, ഡോക്ടേഴ്സ് കണ്‍സള്‍ട്ടിങ് റൂം, വിശ്രമമുറി, ഓഫിസ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
അമരമ്പലത്ത് 21 പേരും കുറ്റിപ്പുറത്ത് 22 പേരും മലപ്പുറം മേല്‍മുറിയില്‍ 30 പേരും തിരൂരില്‍ 13 പേരും പരപ്പനങ്ങാടി, മഞ്ചേരി, പൂക്കോട്ടൂര്‍, പോരൂര്‍ എന്നിവിടങ്ങളില്‍ 10 പേര് വീതവും തൃപ്രങ്ങോട്ടും പള്ളിക്കലും 20 പേരും വേങ്ങരയില്‍ 40 പേരും നിലമ്പൂരില്‍ 50 പേരും സ്ഥിരമായി സായംപ്രഭ ഹോമുകളില്‍ എത്തുന്നുണ്ട്. ഓരോ ഹോമുകളിലും അഞ്ഞൂറോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഓരോ വീടുകളിലും ഒരു കെയര്‍ ടേക്കറുമുണ്ടാകും.
സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടെ എണ്ണം യുവജനങ്ങളുടേതിനെക്കാള് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വയോജന സംരക്ഷണത്തിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. വൃദ്ധ സദനങ്ങളുടെ എണ്ണം കുറയ്ക്കുക, മാനസിക-ശാരീരിക ആരോഗ്യം നിലനിര്‍ത്തുക തുടങ്ങിയ വിശാലമായ കാഴ്ചപ്പാടോടു കൂടിയാണ് ഇത്തരം ഉദ്യമങ്ങള്‍ ആരംഭിച്ചിട്ടു ള്ളത്. സായംപ്രഭാഹോമുകളിലെത്തുന്ന സന്ദര്‍ശകര്‍ പോലും മുതിര്‍ന്നവരുടെ കഥകളും അനുഭവങ്ങളും കേട്ട്, നിറഞ്ഞ മനസോടെയും പുഞ്ചിരിയോടെയുമാണ് ഇവിടെ നിന്ന് മടങ്ങുന്നത്.
