മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേട് തടയുന്നതിനും ജില്ലാ ഭരണകൂടം സംയുക്ത സ്ക്വാഡ് രൂപീകരിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, വിൽപ്പന കേന്ദ്രങ്ങളിൽ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, കൃത്രിമത്വം എന്നിവ തടയുക, വിലവിവരം പ്രദർശിപ്പിക്കുന്നത് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സ്ക്വാഡിന്റെ പ്രധാന ചുമതലകൾ.
ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായ സമിതിയിൽ സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ക്വാഡ് മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ, ഫിഷ് സ്റ്റാളുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തും. പൂഴ്ത്തി വെപ്പ്, വിലകൂട്ടി വിൽക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
