മണ്ണാര്‍ക്കാട് : തെരുവുനായ്ക്കളുടെ എണ്ണംനിയന്ത്രിക്കുന്നതിനും റാബീസ് രോഗം ഉന്മൂലനം ചെയ്യുന്നതിനുമായി നടപ്പിലാക്കിയ മൃഗപ്രജനന നിയന്ത്രണ (അനിമല്‍ ബര്‍ത്ത് കണ്ട്രോള്- എ.ബി.സി) പദ്ധതി പാലക്കാട് ജില്ലയില്‍ കൂടുതല്‍ ശക്തമാക്കുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 5,625 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുള്ളതായി അധികൃ തര് അറിയിച്ചു. നിലവില്‍ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം നാല് എ.ബി.സി. കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഓരോ കേന്ദ്രങ്ങളിലും പ്രതിമാസം 100 മുതല്‍ 120 തെരുവുനായ്ക്കളെ വരെ വന്ധ്യംകരണം നടത്തുന്നുണ്ട്. ജില്ലയില്‍ 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെ 4224 നായ്ക്കളെയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 1405 നായ്ക്കളെയും വന്ധ്യംകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. പട്ടാമ്പിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കേന്ദ്രം അടുത്തമാസവും മണ്ണാര്‍ക്കാട്ടെ കേന്ദ്രം ഡിസംബറോടെയും പ്രവര്‍ത്തനക്ഷ മമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം, ഗ്രാമ പഞ്ചായത്ത് 3.5 ലക്ഷം രൂപയും ചെലവഴിച്ചാണ് ഓരോ കേന്ദ്രങ്ങളും സ്ഥാപിച്ചത്. അടുത്തിടെ ഉദ്ഘാട നം ചെയ്ത പറളിയിലെ കേന്ദ്രം ഉപകരണങ്ങളുടെ ലഭ്യതയോടെ ഉടന്പ്രവര്ത്തനമാരം ഭിക്കും. ഒരു ഡോക്ടര്‍, മൂന്ന് ഡോഗ് ഹാന്‍ഡിലേഴ്സ്, ഒരു ശുചീകരണ തൊഴിലാളി, ഒരു ഓപ്പറേഷന് തിയേറ്റര്‍ അസിസ്റ്റന്റ്, ഒരു ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നത്. തെരുവുനായ്ക്കളുടെ നിയന്ത്രണത്തില്‍ എ.ബി.സി. പദ്ധതി നിര്‍ണായക പങ്കാണ് വഹിക്കുന്നത്. പുതിയ കേന്ദ്രങ്ങളുടെ വരവോടെ ഈശ്രമങ്ങള് കൂടുതല്‍ ശക്തമാകുമെന്നും അധികൃതര്‍ അറിയിച്ചു.
